| Friday, 22nd November 2024, 1:58 pm

ഒരേ കടലിലെ നാഥനില്‍ മമ്മൂക്കയുടെ സ്വഭാവത്തിന്റെ പ്രത്യേകതകളുണ്ട്: ശ്യാമപ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ശ്യാമപ്രസാദ്. കൊമേര്‍ഷ്യല്‍ സിനിമകളേക്കാള്‍ ഉപരി കലാമൂല്യമുള്ള സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അഗ്‌നിസാക്ഷി, അകലെ, ഋതു, ഇലക്ട്ര, ആര്‍ട്ടിസ്റ്റ്, ഒരു ഞായറാഴ്ച, ഹെയ് ജൂഡ് തുടങ്ങിയ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടുതലായും സാഹിത്യ സൃഷ്ടികളെ വെള്ളിത്തിരയിലെത്തിക്കാനാണ് ശ്യാമപ്രസാദ് ശ്രമിക്കാറുള്ളത്.

ശ്യാമപ്രസാദിന് അനവധി പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ ഒരേ കടല്‍. മമ്മൂട്ടിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അന്തര്‍ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ സംഗീതത്തിന് ഔസേപ്പച്ചന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മമ്മൂട്ടി നാഥന്‍ എന്ന പ്രൊഫസറായിട്ടായിരുന്നു ചിത്രത്തിലെത്തിയത്.

സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്യാമപ്രസാദ്. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റേതായ സ്‌റ്റൈല്‍ ഉണ്ടെന്നനും മമ്മൂട്ടി എന്ന നടന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഒരേ കടലില്‍ വന്നിട്ടുണ്ടെന്നും ശ്യാമപ്രസാദ് പറയുന്നു.

മനുഷ്യന്റെ ഉള്ളിലെ ഭാവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ആര്‍ട്ടിസ്റ്റ് സംവിധായകനുമായി സഹകരിക്കണം എന്നും അവിടെയാണ് മമ്മൂട്ടി എന്ന നടന്റെ ക്രിയേറ്റീവ് പ്രോസസ്സ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാമപ്രസാദ്.

‘ഒരേ കടലിലെ മമ്മൂക്കയുടെ കാര്യം പറയുകയാണെങ്കില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ സ്‌റ്റൈലുണ്ട്. വളരെ പ്രശസ്തമായ ഒരു സംസാരമുണ്ട്, ഒരു അഭിനേതാവ് തന്റെ പല കഥാപാത്രങ്ങളിലൂടെ തന്റെ തന്നെ വ്യക്തിത്വത്തിന്റെ പല ഭാവങ്ങളാണ് കാണിക്കുന്നത്. അല്ലാതെ അവര്‍ മറ്റ് ആളുകളായി മാറുന്നൊന്നും ഇല്ല. കഥാപാത്രങ്ങളായി മാറി എന്നൊക്കെ പൊതുവെ പറയാറുണ്ടല്ലോ. അങ്ങനെ ഒന്നും ഇല്ല.

മമ്മൂട്ടി എന്ന നടന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ പല കഥാപാത്രങ്ങളിലൂടെ പല സിനിമയില്‍ വന്നിട്ടുണ്ട്. അതിലെ ഒന്നാണ് ഒരേ കടലിലെ നാഥന്‍. അങ്ങനെ അഭിനേതാവും കഥാപാത്രവും തമ്മിലുള്ള വേരിയേഷനെ ഡിസൈന്‍ ചെയ്യുക എന്നതാണ് ചെയ്യാറുള്ളത്. അതിനാണ് ശ്രമിക്കാറുള്ളത്.

മനുഷ്യന്റെ ഉള്ളില്‍ അത്തരത്തിലുള്ള കുറേ ഭാവങ്ങള്‍ ഉണ്ട്. അതിന് ആര്‍ട്ടിസ്റ്റ് സംവിധായകരോട് അവര്‍ വഴങ്ങണം. അവിടെയാണ് മമ്മൂട്ടിയുടെ ഉജ്വലമായ ക്രിയേറ്റിവ് പ്രോസസ്സ് കണ്ടത്,’ ശ്യാമപ്രസാദ് പറയുന്നു.

Content Highlight: Shyamaprasad Talks About Mammootty’s Performance In Ore Kadal Movie

We use cookies to give you the best possible experience. Learn more