Entertainment
ആ നടനുമായി മാത്രം ഇതുവരെ സിനിമ ചെയ്യാന്‍ സാധിച്ചില്ല, അതില്‍ ചെറിയ വിഷമമുണ്ട്: ശ്യാമപ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 16, 02:45 am
Thursday, 16th January 2025, 8:15 am

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് ശ്യാമപ്രസാദ് തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് അഗ്‌നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു തുടങ്ങിയ മികച്ച ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ശ്യാമപ്രസാദ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ പല നടന്മാരുടെയും കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍ പലതും ശ്യാമപ്രസാദിന്റെ സിനിമകളിലൂടെയാണ്. മമ്മൂട്ടിയുടെ ഒരേ കടല്‍, ഫഹദ് ഫാസിലിന്റെ ആര്‍ട്ടിസ്റ്റ്, പൃഥ്വിരാജിന്റെ അകലെ തുടങ്ങിയ ചിത്രങ്ങള്‍ ശ്യാമപ്രസാദ് അണിയിച്ചൊരുക്കിയതാണ്. തനിക്ക് ഇതുവരെ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് ശ്യാമപ്രസാദ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ തിലകനുമായി ഇതുവരെ വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് ശ്യാമപ്രസാദ് പറഞ്ഞു. അദ്ദേഹവുമായി വര്‍ക്ക് ചെയ്യാനുള്ള തരത്തില്‍ മൂന്നുനാല് പ്രൊജക്ടുകള്‍ വന്നിരുന്നെന്നും എന്നാല്‍ തിലകന്റെ തിരക്ക് കാരണം ആ സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

 

മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്തിട്ടും മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാതിരിക്കുന്നതിന്റെ കാരണവും ശ്യാമപ്രസാദ് വ്യക്തമാക്കി. ഏതെങ്കിലും ഒരു നടന് വേണ്ടി സിനിമ ചെയ്യണമെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് ശ്യാമപ്രസാദ് പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിന്റെയും തന്റെയും പല തിരക്കുകള്‍ കാരണം ആ പ്രൊജക്ട് നടക്കാതെ പോയെന്നും ശ്യാമപ്രസാദ് പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ശ്യാമപ്രസാദ്.

‘തിലകനുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിക്കാത്തതില്‍ ചെറിയ വിഷമമുണ്ട്. അദ്ദേഹവുമായി വര്‍ക്ക് ചെയ്യാനുള്ള തരത്തില്‍ മൂന്നുനാല് പ്രൊജക്ടുകള്‍ വന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അതെല്ലാം അവസനാനിമിഷത്തില്‍ ക്യാന്‍സലായി പോയി. അല്ലെങ്കില്‍ തിലകനുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ പറ്റിയേനെ.

മോഹന്‍ലാലിന് വേണ്ടി സിനിമ ചെയ്യാന്‍ പറ്റാത്തത് എന്തേ എന്ന് ചിന്തിച്ചിട്ടില്ല. ഏതെങ്കിലും ഒരു നടന് വേണ്ടി ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ആ കഥയ്ക്ക് ചേരുന്ന തരത്തില്‍ ആര്‍ട്ടിസ്റ്റിനെ കിട്ടുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. മോഹന്‍ലാലുമായി ഒരു പ്രൊജക്ട് പണ്ട് ആലോചിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആ സമയത്ത് പല തിരക്കുകള്‍ വന്നു, അത് കഴിഞ്ഞ് ഞാന്‍ പല കാര്യങ്ങളിലും എന്‍ഗേജ്ഡ് ആയി. അങ്ങനെ അത് നടക്കാതെ പോയി,’ ശ്യാമപ്രസാദ് പറഞ്ഞു.

Content Highlight: Shyamaprasad says he wished to work with Thilakan