| Thursday, 5th September 2013, 11:43 am

അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നലെ “ആര്‍ട്ടിസ്റ്റ്” കണ്ട് പുറത്തിറങ്ങിയപ്പോള്‍ സത്യമായും ശ്യാമപ്രസാദിന്റെ എല്ലാ അപരാധങ്ങളും മറന്നുപോയി. കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ. ഒറ്റ വാക്കില്‍ പറയാം. ഈ സിനിമ തീര്‍ച്ചയായും കാണണം. കുഞ്ഞനന്തന്റെ കടയും കളിമണ്ണും ഒളിപ്പോരുമൊക്കെ കണ്ട ക്ഷീണം മാറാന്‍ ഈ സിനിമ ഏറെ സഹായിക്കും.


മാറ്റിനി / കെ.കെ രാഗിണി

ചിത്രം: ആര്‍ടിസ്റ്റ്
സംവിധാനം: ശ്യാമപ്രസാദ്
നിര്‍മാതാവ്: എം. മണി
തിരക്കഥ: ശ്യാമപ്രസാദ്
സംഗീതം: ബിജിപാല്‍
അഭിനേതാക്കള്‍:ഫഹദ് ഫാസില്‍,
ആന്‍ അഗസ്റ്റിന്‍


മൂന്ന് മാസം മുമ്പ് “ഇംഗ്ലീഷ് എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ വന്നത് “പട്ടാളം” സിനിമയിലെ ഇന്നസെന്റിനെയായിരുന്നു. സായിപ്പന്മാര്‍ക്ക് ആയുര്‍വേദവും കഥകളിയും കാഴ്ചവെച്ച് കാശടിക്കാന്‍ ശ്രമിക്കുന്ന ഒരു പാവം നാട്ടിന്‍പുറത്തുകാരന്‍.

എന്തൊക്കെയോ വാരിപൂശി കഥകളിയാടാന്‍ ശ്രമിക്കുന്ന ഇന്നസെന്റ്, കഥകളിയറിയാവുന്ന സായിപ്പുമാര്‍ക്ക് മുന്നില്‍ കേമാളിയായി മാറുന്ന രംഗം ചിരിച്ച് ചിരിച്ച് പണ്ടാരടക്കും.

ഇന്നസെന്റ് ഗംഭീരമാക്കിയ ആ വേഷത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദിനെ കണ്ടു ഇംഗ്ലീഷില്‍. ലണ്ടനിലെ മലയാളി ജീവിതത്തിന് കുരുത്തോല കെട്ടാന്‍ കിടക്കട്ടെ ഒരു കഥകളി വേഷം എന്ന മട്ടില്‍ ജയസൂര്യയിലെ മന്ദബുദ്ധി ഭാവത്തിനുമേല്‍ കച്ച മെഴുക്കും ചുട്ടിയും ചാര്‍ത്തിയപ്പോള്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ വെടി പൂര്‍ണമായി തീര്‍ന്നു.[]

അഗ്‌നിസാക്ഷിയും, അകലെയും, ഒരേകടലും കാട്ടിത്തന്ന മായികതയായിരുന്നു ശ്യാമപ്രസാദിലേക്ക് പാലം പണിതത്. “ഋതു”വും ഒരുവിധം പിടിച്ചുനിന്നു. പക്ഷേ, “കേരളാ കഫേ”യിലെ 10 സിനിമകളില്‍ ഏറ്റവും നിരാശപ്പെടുത്തിയത് ഏഴാമത്തെ കഷണമായ “ഓഫ് സീസണ്‍” ആയിരുന്നു. പത്തു സംവിധായകരുടെ പൂരം കാണാന്‍ പോയവരില്‍ ശരിക്കും ഏഴാംമുറ പ്രയോഗിച്ചുകളഞ്ഞു ശ്യാമപ്രസാദ്.

അതും തീരാഞ്ഞ് ശ്യാമപ്രസാദ് “ഇംഗ്ലീഷില്‍” പ്രേക്ഷകനെ കൊഞ്ഞനം കുത്തി. ഇന്നലെ “ആര്‍ട്ടിസ്റ്റ്” കണ്ട് പുറത്തിറങ്ങിയപ്പോള്‍ സത്യമായും ശ്യാമപ്രസാദിന്റെ എല്ലാ അപരാധങ്ങളും മറന്നുപോയി. കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ.

ഒറ്റ വാക്കില്‍ പറയാം. ഈ സിനിമ തീര്‍ച്ചയായും കാണണം. കുഞ്ഞനന്തന്റെ കടയും കളിമണ്ണും ഒളിപ്പോരുമൊക്കെ കണ്ട ക്ഷീണം മാറാന്‍ ഈ സിനിമ ഏറെ സഹായിക്കും.
—————————————————————————


ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ “അഗ്‌നിസാക്ഷി” ശ്യാമപ്രസാദ് സിനിമയാക്കിയപ്പോള്‍ എത്ര കാവ്യാത്മകമായി നോവല്‍ സിനിമയാക്കാം എന്ന് ശ്യാമപ്രസാദ് തിരമലയാളത്തിന് പരിചയപ്പെടുത്തി കൊടുത്തു.


മലയാളത്തിലെ ആദ്യകാല സിനിമകളില്‍ പലതും നോവലുകള്‍ ആയിരുന്നു. ചെമ്മീനും ഓടയില്‍നിന്നും ഉമ്മാച്ചുവുമൊക്കെ ആദ്യകാല നോവലും സിനിമയുമായിരുന്നു. നോവല്‍ സിനിമയാക്കുക അത്ര നിസ്സാരമായ കാര്യമല്ല.[]

ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്‍ പോലും പതറിപ്പോകുന്ന ദശാസന്ധിയാണത്. നാടകങ്ങളെ സിനിമയെന്ന പേരില്‍ പരിചയപ്പെടുത്തിയിരുന്ന ആദ്യകാലങ്ങളില്‍നിന്ന് സിനിമയുടെ ഇതിവൃത്തം തേടി നോവലുകള്‍ വായിച്ച സംവിധായകരില്‍ രാമുകാര്യാട്ടും ചെമ്മീനും തന്നെയായിരുന്നു മുന്നില്‍.

ലെനിന്‍ രാജേന്ദ്രന്‍ “ദൈവത്തിന്റെ വികൃതികള്‍” സിനിമയാക്കുന്നതുവരെ ആ കിരീടം രാമുകാര്യാട്ടിന് സ്വന്തമായിരുന്നു. എം. മുകുന്ദന്റെ അല്‍ഫോണ്‍സച്ചനും മഗ്ഗി മദാമ്മയും ആയിരുന്നില്ല രജേന്ദ്രന്‍േറത്.

നോവലില്‍നിന്ന് വേറിട്ട സൃഷ്ടിയായി അത് നിലനിന്നു. പിന്നീട് സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയെ “കുലം”കുത്തിയാക്കിയ പാതകവും ലെനിന്‍ രാജേന്ദ്രനില്‍നിന്നുണ്ടായി. നോവലുകള്‍ സിനിമയാക്കിയപ്പോഴൊക്കെ അത് നോവലും സിനിമയും തമ്മിലുള്ള ഒരു യുദ്ധമായിരുന്നു. മിക്കപ്പോഴും നോവല്‍ വിജയിച്ചു. സിനിമ പരാജയപ്പെട്ടു.

The Glass Menagerie എന്ന നാടകത്തിന്റെ സിനിമാ രൂപമായ “അകലെ” നീലവിരിയിട്ട സുന്ദരമായ ഒരു ജാലകകാഴ്ചയായിരുന്നു.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ “അഗ്‌നിസാക്ഷി” ശ്യാമപ്രസാദ് സിനിമയാക്കിയപ്പോള്‍ എത്ര കാവ്യാത്മകമായി നോവല്‍ സിനിമയാക്കാം എന്ന് ശ്യാമപ്രസാദ് തിരമലയാളത്തിന് പരിചയപ്പെടുത്തി കൊടുത്തു.

ടെന്നസ്സി വില്യംസ് എന്ന അമേരിക്കന്‍ നാടകകാരന്റെ The Glass Menagerie എന്ന നാടകത്തിന്റെ സിനിമാ രൂപമായ “അകലെ” നീലവിരിയിട്ട സുന്ദരമായ ഒരു ജാലകകാഴ്ചയായിരുന്നു.

സുനില്‍ ഗംഗോപാധ്യായയുടെ “ഹിരെക് ദീപ്തി” എന്ന നോവല്‍ “ഒരേ കടല്‍” ആക്കി ശ്യാമപ്രസാദ് പിന്നെയും വിസ്മയിപ്പിച്ചു. അതിനിടയില്‍ മലയാളത്തില്‍, നോവല്‍ പണിക്കുറ തീര്‍ന്ന സിനിമയാക്കാന്‍ കഴിഞ്ഞത് രഞ്ജിത്തിന് മാത്രമാണ്. ടി.പി. രാജീവന്റെ “പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ”യില്‍നിന്ന് തികച്ചും മൗലികമായിരുന്നു രഞ്ജിത്തിന്റെ മാണിക്യം.

ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം ശ്യാമപ്രസാദ് കണ്ടത്തെിയത് പരിതോഷ് ഉത്തം എന്ന ഇന്ത്യന്‍ ഇംഗ്‌ളീഷ് എഴുത്തുകാരന്റെ Dreams in Prussian Blue : When Loves Kills എന്ന നോവലില്‍ നിന്നാണ്.
————————————————————————-


ഫൈന്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ത്ഥികളായ മൈക്കിളിന്റെയും ഗായത്രിയുടെയും പ്രണയം വ്യാഖ്യാനിക്കാന്‍ കഴിയാത്ത ഒരു സങ്കീര്‍ണ ചിത്രം പോലെ ശ്യാമപ്രസാദ് അവതരിപ്പിക്കുന്നു. വരകളുടെയും വര്‍ണങ്ങളുടെയും ലോകത്ത് ഭ്രാന്തമായി സഞ്ചരിക്കുന്ന മൈക്കിളിന് ആരെയെങ്കിലും ആശ്രയിച്ചു മാത്രമേ ജീവിക്കാനാവൂ.


പരിതോഷിന്റെ നോവലിനെ അന്ധമായി പിന്തുടരുകയല്ല ശ്യാമപ്രസാദ് ചെയ്തിരിക്കുന്നത്. ഇന്നുവരെ മലയാള സിനിമയില്‍ ആരും പറയാത്ത കഥാന്തരീക്ഷവും കഥാലോകവും സൃഷ്ടിച്ചുകൊണ്ടാണ് ഈ നോവലിനെ ഏറ്റവും ഭദ്രമായ നിലയില്‍ മലയാളത്തിലേക്ക് വിനിമയം ചെയ്തിരിക്കുന്നത്.[]

ചിത്രകാരന്മാര്‍ സിനിമയുടെ പിന്നിലും മുന്നിലും നിരവധി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ, ചിത്രമെഴുത്തുകാരുടെ ഉന്മാദം നിറഞ്ഞ ജീവിതത്തിനുള്ളിലെ അതി സൂക്ഷ്മതിയിലേക്ക് ആണ്ടിറങ്ങാന്‍ ആ ശ്രമങ്ങള്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല.

1982ല്‍ ഭരതന്‍ സംവിധാനം ചെയ്ത “ഓര്‍മയ്ക്കായ്..” ഊമയായ ശില്‍പിയുടെ ജീവിതം പറഞ്ഞത് ഒഴിച്ചുനിര്‍ത്തിയാല്‍ അധികം സ്‌പേസ് ഈ വിഭാഗത്തിനുണ്ടായില്ല. ലെനിന്‍ രാജേന്ദ്രന്റെ “മകരമഞ്ഞിനെ” ആ ഗണത്തില്‍ പെടുത്തുന്നില്ല. ചിത്രകാരന്റെ ഉന്മാദമല്ല ആ സിനിമയില്‍, അയാളിലെ കാമാസക്തന്റെ പ്രലപനങ്ങളാണ് അതില്‍ ഉദ്ധരിച്ച് നിന്നത്.

ഫൈന്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ത്ഥികളായ മൈക്കിളിന്റെയും ഗായത്രിയുടെയും പ്രണയം വ്യാഖ്യാനിക്കാന്‍ കഴിയാത്ത ഒരു സങ്കീര്‍ണ ചിത്രം പോലെ ശ്യാമപ്രസാദ് അവതരിപ്പിക്കുന്നു. വരകളുടെയും വര്‍ണങ്ങളുടെയും ലോകത്ത് ഭ്രാന്തമായി സഞ്ചരിക്കുന്ന മൈക്കിളിന് ആരെയെങ്കിലും ആശ്രയിച്ചു മാത്രമേ ജീവിക്കാനാവൂ. സമ്പന്നനായ അച്ഛന്റെ സഹായം അയാള്‍ക്ക് നഷ്ടമാകുന്നത് ഗായത്രിയുമായി ഒന്നിച്ച് ജീവിക്കാന്‍ (Living Together)തീരുമാനിക്കുമ്പോഴാണ്.

ചായക്കൂട്ടുകളും കാന്‍വാസുകളും മാത്രമേ മൈക്കളിന്റെ ലോകത്തിലുള്ളു. പ്രതിഭയുടെ ധൂര്‍ത്താണ് അയാളുടെ ജീവിതം. പ്രണയം പോലും അയാളിലെ ചിത്രകാരനെ ആവിഷ്‌കരിക്കാനുള്ള ഉപാധി മാത്രം.

പരമ്പരാഗത ബ്രാഹ്മണ കുടുംബത്തില്‍നിന്ന് വന്ന ഗായത്രി മൈക്കിളിനെക്കാള്‍ പ്രായോഗികമതിയാണ്. ഉള്ളിലെ ചിത്രകാരിയെയും നിറക്കൂട്ടുകളെയും സ്വന്തം കുടുംബത്തിനൊപ്പം ത്യജിച്ച ഗായത്രിക്ക് പലപ്പോഴും അപരിചിതമായി തോന്നുന്നുണ്ട് മൈക്കിളിലെ ഉന്മാദിയായ ചിത്രകാരനെ.

വളരെ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ ഭാവഭദ്രമായ സിനിമയൊരുക്കാമെന്ന് ബോധ്യപ്പെടുത്തുന്നവയാണ് ശ്യാമപ്രസാദ് സിനിമകള്‍. അകലെയും ഒരേകടലും ഇപ്പോള്‍ ആര്‍ട്ടിസ്റ്റും അത് പ്രൂവ് ചെയ്യുന്നു.

അന്ധതയുടെ നിറം

ബൈക്കപകടത്തില്‍ മൈക്കിളിന് കാഴ്ച നഷ്ടപ്പെടുമ്പോള്‍ അവന്റെ കണ്ണുകളായി മാറുന്നത് ഗായത്രിയാണ്. വര്‍ണങ്ങള്‍ മൈക്കിളിന് വേണ്ടി അവള്‍ കാണുന്നു. കാഴ്ചയ്ക്ക് പകരം സ്പര്‍ശത്തെയും ശബ്ദത്തെയും മണത്തെയും ആശ്രയിച്ച് അന്ധതയെ വരച്ചുതോല്‍പ്പിക്കാനുള്ള മൈക്കിളിന്റെ ശ്രമവും മൈക്കിളിനെ കൂടി ചേര്‍ത്തുനിര്‍ത്തിയ ജീവിതത്തെ കരയ്ക്കടുപ്പിക്കാനുള്ള ഗായത്രിയുടെ തത്രപ്പാടും സിനിമയെ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്.

Prussian Blue എന്ന കളര്‍ ബ്രാന്റ് എന്ന തീരെ നിസ്സാരമെന്നു തോന്നാവുന്ന ഒരു ത്രെഡിനെ മനോഹരമായി അവലംബിച്ചാണ് ശ്യാമപ്രസാദ് സിനിമ എന്ന മാധ്യമത്തില്‍ തനിക്കുള്ള കൈയ്യടക്കം ഈ സിനിമയിലൂടെയും ആവര്‍ത്തിച്ചുറപ്പിക്കുന്നത്. ന്യൂ ജനറേഷന്‍ തള്ളിച്ചകള്‍ക്കിടയില്‍ എല്ലാ ജനറേഷനുകള്‍ക്കും പാകമായ സിനിമയൊരുക്കുവാന്‍ കഴിയുമെന്ന് ശ്യാമപ്രസാദ് തെളിയിക്കുന്നു.

വളരെ കുറച്ച് വര്‍ണങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നു മൈക്കിള്‍. (Cruel absence of Colour) വളരെ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ ഭാവഭദ്രമായ സിനിമയൊരുക്കാമെന്ന് ബോധ്യപ്പെടുത്തുന്നവയാണ് ശ്യാമപ്രസാദ് സിനിമകള്‍. അകലെയും ഒരേകടലും ഇപ്പോള്‍ ആര്‍ട്ടിസ്റ്റും അത് പ്രൂവ് ചെയ്യുന്നു.
————————————————————-


ബിജിപാലിന്റെ സംഗീതവും ശ്യാംദത്തിന്റെ ക്യാമറയും സര്‍വോപരി ബിജു ചിന്നത്തിന്റെ ആര്‍ട്ടും സിനിമയെ പ്രേക്ഷകനില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. തിയേറ്ററില്‍ ആള്‍ത്തിരക്ക് അത്രയൊന്നും കണ്ടില്ല. വരും ദിവസങ്ങളില്‍ കേട്ടറിഞ്ഞ് പ്രേക്ഷകര്‍ ഇരിപ്പിടങ്ങള്‍ നിറയ്ക്കുമെന്ന പ്രതീക്ഷയില്‍ ധൈര്യമായി പോയി കാണാന്‍ ശുപാര്‍ശ ചെയ്യുകയാണ് ഈ ചിത്രം.


നടനെന്ന നിലയില്‍ സ്വന്തം സ്ഥാനം പ്രേക്ഷകരെ പലകുറി ബോധ്യപ്പെടുത്തിയ നടനാണ് ഫഹദ് ഫാസില്‍. ഉന്മാദിയായ ചിത്രകാരനിലേക്ക് ഫഹദ് നടത്തുന്ന പരകായപ്രവേശം അതിശയിപ്പിക്കുന്നു. കാഴ്ച നഷ്ടമാകുന്നതിന് മുമ്പും പിമ്പും ഫഹദ് കാഴ്ചവെക്കുന്ന അഭിനയം സമാനതകളില്ലാത്തതാണ്.[]

കഥാപാത്രത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ സ്വത്തത്തെ ഉപേക്ഷിക്കുന്ന മമ്മൂട്ടിയുടെ അഭിനയ രീതിയും കഥാപാത്രങ്ങളെ തന്റെ സ്വത്തത്തിലൂടെ ആവിഷ്‌കരിക്കുന്ന മോഹന്‍ലാല്‍ ശൈലിയും കൈയൊതുക്കത്തോടെ ഈ നടനില്‍ ഭദ്രമാണ്.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടി ജാഗ്രത കാണിച്ചാല്‍ മലയാള സിനിമയില്‍ തുല്യതയില്ലാത്ത നടനായി ഫഹദിന് മാറാന്‍ കഴിയുമെന്നുറപ്പ്. ഫഹദിന്റെ ചില സീനുകളിലെ പ്രകടനം കാണുമ്പോള്‍ ഇയാള്‍ ഏതോ ഫൈന്‍ ആര്‍ട്‌സ് കോളജില്‍നിന്ന് ക്ലാസ് കട്ട് ചെയ്ത് വന്നതാണോ എന്നു തോന്നിപ്പോകും.

കൈയ്യത്തെും ദൂരത്ത് എന്ന സിനിമയില്‍ നിന്ന് ഫഹദ് നടന്നത്തെിയ കാതങ്ങള്‍ മൈക്കിളിന്റെ വേഷപ്പകര്‍ച്ച അളന്നു തിട്ടപ്പെടുത്തുന്നുണ്ട്. വാസ്തവത്തില്‍ ഈ സിനിമയിലെ ഏറ്റവും വലിയ വിസ്മയം ഫഹദിന്റെ അഭിനയമോ ശ്യാമപ്രസാദിന്റെ സംവിധാനമോ അല്ല.

ഗായത്രിയെ അവതരിപ്പിച്ച ആന്‍ അഗസ്റ്റിനാണ്. “എല്‍സമ്മ എന്ന ആണ്‍കുട്ടി” എന്ന സിനിമയിലും തുടര്‍ന്നും അഭിനയിക്കാന്‍ അവസരം കിട്ടിയത് അഗസ്റ്റിന്‍ എന്ന നടന്റെ മകള്‍ എന്ന മേല്‍വിലാസമാണെന്ന അപഖ്യാതി ഈ ഒറ്റ സിനിമയിലൂടെ മറികടക്കാന്‍ ആനിന് കഴിഞ്ഞിരിക്കുന്നു.

ശോഭനയും (അഗ്‌നിസാക്ഷി)മീരാ ജാസ്മിനും (ഒരേകടല്‍), ഗീതുമോഹന്‍ദാസും (അകലെ), മംമ്ത മോഹന്‍ദാസും (അരികെ), നയന്‍താരയും (ഇലക്ട്ര) ശ്യാമപ്രസാദിന്റെ സിനിമയിലത്തെുമ്പോള്‍ അഭിനയത്തിന്റെ അതുവരെ പരിചയമില്ലാത്ത മുഖങ്ങള്‍ കാഴ്ചവെക്കുന്ന അതിശയം ആന്‍ അഗസ്റ്റിനാണ് ഇക്കുറി പുറത്തെടുത്തിരിക്കുന്നത്. ഏറെ ദൂരം തനിക്കിനിയും സഞ്ചരിക്കാന്‍ കഴിയുമെന്ന് ആന്‍ അഗസ്റ്റിന്‍ തെളിയിക്കുന്നു.

ബിജിപാലിന്റെ സംഗീതവും ശ്യാംദത്തിന്റെ ക്യാമറയും സര്‍വോപരി ബിജു ചിന്നത്തിന്റെ ആര്‍ട്ടും സിനിമയെ പ്രേക്ഷകനില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. തിയേറ്ററില്‍ ആള്‍ത്തിരക്ക് അത്രയൊന്നും കണ്ടില്ല. വരും ദിവസങ്ങളില്‍ കേട്ടറിഞ്ഞ് പ്രേക്ഷകര്‍ ഇരിപ്പിടങ്ങള്‍ നിറയ്ക്കുമെന്ന പ്രതീക്ഷയില്‍ ധൈര്യമായി പോയി കാണാന്‍ ശുപാര്‍ശ ചെയ്യുകയാണ് ഈ ചിത്രം.

അടിവര:

[]ആധുനിക കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന “ലിവിങ് ടുഗദര്‍” എന്ന ആശയം പുരുഷകേന്ദ്രിതമായ ഒരു സൗകര്യത്തിന്റെയും ചൂഷണത്തിന്റെയും ഓമനപ്പേരാണെന്ന് പറയാതെ പറയുന്നുണ്ട് ഈ സിനിമ.

വിജയത്തിന്റെ പരകോടിയില്‍ വലിച്ചെറിയപ്പെടുന്നതാണ് എക്കാലവും പെണ്ണിന്റെ സ്വത്വമെന്ന് ശ്യാമപ്രസാദ് പറയുമ്പോള്‍ ആരുടെ പക്ഷത്താണ് അദ്ദേഹമെന്ന് ചില നേരങ്ങളില്‍ ഈയുള്ളവളിലെ പെണ്ണിന് പോലും സന്ദേഹം തോന്നിപ്പോകുന്നു.

ആദ്യമായി പരിചയപ്പെട്ട ക്യുറേറ്ററോട് (സിദ്ധാര്‍ത്ഥ് ശിവ) പോലും സ്വന്തം സങ്കടങ്ങള്‍ പറഞ്ഞ് പൊട്ടിക്കരയുന്ന ഗായത്രി, പെണ്ണ് കരയാനുള്ള ഉപാധിയാണ് എന്ന പതിവ് പല്ലവിയെ ഉറപ്പിക്കുകയല്ലേ ചെയ്യുന്നത് എന്ന് പിന്നെയും സന്ദേഹിയാകുന്നു.

ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com

We use cookies to give you the best possible experience. Learn more