സിനിമയെല്ലാം മനസിലാക്കിയെന്ന് താന്‍ അഹങ്കരിച്ചിരുന്നുവെന്നും റാണി പത്മിനിയുടെ പരാജയത്തോടെയാണ് അത് മാറിയതെന്നും തിരക്കഥാകൃത്ത് ശ്യാ പുഷ്‌കരന്‍. പൊട്ടിയ പടങ്ങളാണ് പഠിക്കാന്‍ നല്ലതെന്നും തങ്കം സിനിമയുടെ പ്രസ് മീറ്റില്‍ വെച്ച് ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
‘ഹാര്‍ഡ് വര്‍ക്ക് ചെയ്യണം എന്ന് തീരുമാനിച്ചാണ് ഓരോ സിനിമ എടുക്കുമ്പോഴും പോവാറുള്ളത്. ആ സമയത്ത് സിനിമയെല്ലാം മനസിലാക്കി എന്നൊരു അഹങ്കാരം വന്നിട്ടുണ്ടായിരുന്നു. അത് റാണി പത്മിനിയുടെ പരാജയത്തോടെ ഏകദേശം അവസാനിച്ചു. ഒരു ഫിലിം മേക്കര്‍ക്ക് പൊട്ടിയ പടങ്ങളാണ് പഠിക്കാന്‍ ഏറ്റവും നല്ലത്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പടമാണ് റാണി പത്മിനി,’ ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
ആഷിക് അബുവിന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങിയ റാണി പത്മിനിയുടെ തിരക്കഥ ശ്യാം പുഷ്‌കരനായിരുന്നു നിര്‍വഹിച്ചത്.
മോഹന്‍ലാലിനും ഷാരൂഖ് ഖാനുമൊപ്പമുള്ള സിനിമ ഉണ്ടാകുമെന്നും പ്രസ് മീറ്റില്‍ ശ്യാം പറഞ്ഞു. ‘അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ ചിത്രം നടക്കും. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കും. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം,’ ശ്യാം പറഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുശ്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിക്കുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൂടാതെ നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായുണ്ട്.