കൊച്ചി: ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി മധു സി.നാരായണൻ സംവിധാനം ചെയ്ത “കുമ്പളങ്ങി നൈറ്റ്സ്” നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് ശ്യാം പുഷ്ക്കരൻ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന “സന്ദേശം” സിനിമയെക്കുറിച്ച് തനിക്കുള്ള വിയോജിപ്പുകൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
Also Read “ആറുതല്‍” അഥവാ പച്ചപ്പിന്റെ ഫ്രെയിമുകള്‍
“സന്ദേശം” പ്രത്യേകിച്ച് സന്ദേശമൊന്നും നൽകുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണെന്നുമാണ് ശ്യാം അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ചിത്രം വിദ്യാർത്ഥി രാഷ്ട്രീയത്തിന് എതിരായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.താൻ വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്നും, കുട്ടികൾ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടായിരിക്കേണ്ടവരാണെന്നും ശ്യാം പറഞ്ഞുവെക്കുന്നു.
മനോരമ റേഡിയോ മാങ്കോയുടെ അഭിമുഖത്തിലാണ് ശ്യാം പുഷ്ക്കരൻ ഇക്കാര്യങ്ങൾ പറഞ്ഞത്. താൻ പറയുന്ന സിനിമകൾക്ക് ഒറ്റ വാക്യത്തിൽ റിവ്യൂ നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവതാരക “സ്ഫടികം” സിനിമയെക്കുറിച്ച് ചോദിക്കുമ്പോൾ “ഭദ്രൻ മാസ്റ്റർപീസ്” എന്നും “വരവേൽപ്പി”നെക്കുറിച്ച് ചോദിക്കുമ്പോൾ “എനിക്ക് ഇഷ്ടമില്ലാത്ത ചിത്രം” എന്നുമാണ് ശ്യാം ഉത്തരം നൽകുന്നത്. “നരസിംഹം” ഒറ്റത്തവണ മാത്രം കാണേണ്ട ചിത്രമാണെന്നും, “മിഥുനം” സിനിമ ഉർവശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ ഒന്നുകൂടി ചെയ്യണമെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു.
മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് കരുതപ്പെടുന്ന ചിത്രമായ “സന്ദേശത്തി”നെ ശ്യാം വിമർശിച്ചതിനെ കുറ്റപ്പെടുത്തികൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ശ്യാമിന്റെ നിരീക്ഷണം ശരിയാണെന്നും, അരാഷ്ട്രീയതയാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്നും അതിനാൽ തന്നെ ശ്യാമിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഭൂരിപക്ഷം പേരും പറയുന്നു. ഇതിനു മുൻപും “സന്ദേശം” സിനിമ നൽകുന്ന അരാഷ്ട്രീയ സൂചനകൾ ചർച്ചയായിട്ടുണ്ട്.