| Friday, 20th January 2023, 2:21 pm

ഫഹദിനെ മാറ്റി വിനീതിനെ കൊണ്ടുവരുമ്പോള്‍, ഫഹദ് എന്ത് വിചാരിക്കുമെന്നായിരുന്നു പ്രധാന പ്രശ്‌നം: ശ്യാം പുഷ്‌കരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കം റിലീസിനൊരുങ്ങുകയാണ്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് തങ്കത്തെ കുറിച്ച് സംസാരിക്കുന്ന അഭിമുഖം ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആ വീഡിയോയില്‍ ശ്യം പുഷ്‌കരന്‍ വിനീതിന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ആ കഥാപാത്രം ചെയ്യാന്‍ വിനീതിന് ചില അസൗകര്യങ്ങള്‍ വന്നപ്പോള്‍ ഫഹദിനെകൊണ്ട് ചെയ്യിക്കാമെന്ന് തീരുമാനിച്ചെന്നും, പിന്നെ സാഹചര്യങ്ങള്‍ അനുകൂലമായപ്പോഴാണ് വീണ്ടും വിനീത് തന്നെ ചെയ്തതെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

‘തങ്കത്തിലെ കഥാപാത്രമായി ആദ്യം തീരുമാനിച്ചത് വിനീതിനെയായിരുന്നു. എന്നാല്‍ വിനീതിന്റെ കുഞ്ഞ് ജനിച്ചപ്പോള്‍ വിനീത് സിനിമയില്‍ നിന്നും പിന്മാറി. അങ്ങനെ ഈ കഥാപാത്രം ചെയ്യാന്‍ ഞങ്ങള്‍ ഫഹദിനെ തന്നെ വിളിച്ചു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ വിനീത് ഫ്രീയായി. ശരിക്കും ഫഹദല്ല ആ കഥാപാത്രം ചെയ്യേണ്ടതെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു പ്രത്യേക സീനൊക്കെ വന്നപ്പോള്‍ വിനീത് തന്നെയല്ലേ ഇത് ചെയ്യേണ്ടതെന്നും എനിക്ക് തോന്നിയിരുന്നു. എഡിറ്റര്‍ കിരണിനോടും ഇക്കാര്യം പറഞ്ഞിരുന്നു.

ഫഹദിനെ തീരുമാനിച്ച് കഴിഞ്ഞിട്ട് വീണ്ടും വിനീതിലേക്ക് തന്നെ തിരിച്ച് പോകുമ്പോള്‍ ശരിയാകുമോ എന്ന് ചിന്തിച്ചിരുന്നു. ഫഹദ് എന്ത് വിചാരിക്കും എന്നതായിരുന്നു പ്രധാന പ്രശ്‌നം. നമ്മള്‍ ആലോചിച്ചപ്പോള്‍ വിനീത് തന്നെയാണ് ഈ വേഷം ചെയ്യേണ്ടതെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് വീണ്ടും ഫഹദില്‍ നിന്നും വിനീതിലേക്ക് കഥാപാത്രം വന്നത്. ചില സീനുകള്‍ കഴിഞ്ഞപ്പോള്‍ വിനീതൊരു ട്രാന്‍സിലായതുപോലെ തോന്നിയിരുന്നു,’  ശ്യാം പുഷ്‌കര്‍ പറഞ്ഞു.

ജനുവരി 26ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന സൂചനയാണ് തങ്കത്തിന്റെ ട്രെയ്ലര്‍ തരുന്നത്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുകയും ജ്വല്ലറികളില്‍ എത്തിക്കുകയും ചെയ്യുന്ന യുവാക്കളായിട്ടാണ് ബിജു മേനോനും വിനീതും ചിത്രത്തില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

CONTENT HIGHLIGHT: SHYAM PUSHKARAN ABOUT VINEETH SREENIVASAN

We use cookies to give you the best possible experience. Learn more