കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. പൊന്‍മുട്ട എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു. 2024ലെ വമ്പന്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ നടന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അമരന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍. ശിവകാര്‍ത്തികേയന്‍ താര ജാഡകള്‍ ഒന്നുമില്ലാതെയാണ് പെരുമാറുന്നതെന്ന് ശ്യാം മോഹന്‍ പറഞ്ഞു. സായി പല്ലവിയിലും കണ്ട് പഠിക്കാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ടെന്നും ഒരു സീന്‍ കിട്ടിയാല്‍ അതിനോടുള്ള സമീപനവും അവതരണ രീതിയുമൊക്കെ നോക്കി നിന്നുപോകുമെന്നും അദ്ദേഹം പറയുന്നു.
‘ജേണി ഓഫ് ലവ് 18 പ്ലസ് എന്ന സിനിമയിലെ അര്‍ജുന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷം കണ്ടിട്ടാണ് അമരനിലേക്ക് എന്നെ ക്ഷണിച്ചത്. സായി പല്ലവിയുടെ സഹോദരന്‍ ദീപുവിന്റെ വേഷം. അതില്‍ നായകന്‍ ശിവകാര്‍ത്തികേയനോട് തട്ടിക്കയറുന്ന സീനുകളൊക്കെ ഉണ്ടായിരുന്നു. പ്രേമലു റിലീസാവുന്നതിനു മുമ്പാണ് ഈ സിനിമ ചെയ്തത്.
പ്രേമലു റിലീസായശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ശിവകാര്‍ത്തികേയന്‍ സാറിന് മെസേജ് അയച്ചു. അപ്പോള്‍, സിനിമ കണ്ടെന്നും എന്റെ കഥാപാത്രത്തെ ഇഷ്ടമായെന്നും അദ്ദേഹം മറുപടി തന്നു.
അമരന്റെ പ്രമോഷന്‍ പരിപാടിക്കുവേണ്ടി കൊച്ചിയില്‍ വന്നപ്പോള്‍ വേദിയില്‍ വെച്ച് എന്റെ പേര് എടുത്തുപറയുകയും ചെയ്തു. അദ്ദേഹം ഭാര്യയോട് പറഞ്ഞത്രേ, ഈ പയ്യന്‍ എന്റെ കൂടെ അഭിനയിച്ചതാണ് എന്നൊക്കെ. അതൊക്കെ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
ലൊക്കേഷനിലൊക്കെ താര ജാഡയേതുമില്ലാതെയാണ് എല്ലാവരോടും അദ്ദേഹം പെരുമാറുക. അവിടെ വന്ന് നമുക്കൊപ്പമിരുന്ന് സംസാരിക്കും. കൂടെ സെക്യൂരിറ്റി ഗാര്‍ഡുകളോ ആരുമുണ്ടാവില്ല. അതുപോലെ സായ് പല്ലവിയിലും കണ്ടുപഠിക്കാന്‍ ഏറെ കാര്യങ്ങളുണ്ട്. ഒരു സീന്‍ കിട്ടിയാല്‍ അതിനോടുള്ള സമീപനവും അവതരണ രീതിയുമൊക്കെ നോക്കി നിന്നുപോകും. ഈ ഷോട്ടില്‍ കണ്ണ് കുഞ്ഞായിപ്പോയല്ലോ, ഒരു ടേക്ക് കൂടി പോകാം എന്നുപറഞ്ഞ് റീടേക്ക് എടുപ്പിക്കും,’ ശ്യാം മോഹന്‍ പറയുന്നു.
Content Highlight: Shyam Mohan talks about Sai Pallavi