കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. എന്നാല്‍ പൊന്‍മുട്ട എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു.
2024ലെ വമ്പന്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ നടന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. താന്‍ ആദ്യമായി തിയേറ്ററില്‍ ഒറ്റക്ക് പോയി കണ്ട സിനിമയെ കുറിച്ച് പറയുകയാണ് ശ്യാം മോഹന്‍.
പൃഥ്വിരാജ് സുകുമാരന്‍ നായകനായ സത്യം സിനിമയെ കുറിച്ചാണ് നടന്‍ പറഞ്ഞത്. ഒപ്പം ആടുജീവിതം സിനിമ ഇറങ്ങിയപ്പോള്‍ പൃഥ്വിക്ക് മെസേജ് അയച്ചതിനെ കുറിച്ചും ശ്യാം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ബ്രൊമാന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍.
‘ഞാന്‍ ആദ്യമായി തിയേറ്ററില്‍ ഒറ്റക്ക് പോയിട്ട് കാണുന്ന സിനിമ രാജുവേട്ടന്റേതാണ്. സത്യം എന്ന സിനിമയായിരുന്നു അത്. ഞാന്‍ ആടുജീവിതം കണ്ട് മെസേജ് അയച്ചപ്പോള്‍ മറുപടിയൊക്കെ തന്ന ആളാണ് രാജുവേട്ടന്‍, പാവം,’ ശ്യാം മോഹന്‍ പറഞ്ഞു.
ബ്രൊമാന്‍സ് ആണ് ശ്യാമിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. അദ്ദേഹത്തിന് പുറമെ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, സംഗീത് പ്രതാപ്, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് അരുണ്‍ ഡി. ജോസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നിവയുടെ സംവിധായകനാണ് അരുണ്‍ ഡി. ജോസ്.
Content Highlight: Shyam Mohan Talks About Prithviraj Sukumaran