കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. ‘പൊന്‍മുട്ട’ എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. 2024ലെ വമ്പന്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു. 1991ല്‍ കിലുക്കം എന്ന പ്രിയദര്‍ശന്‍ സിനിമയില്‍ ബാലതാരമായി നടന്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ കിലുക്കത്തില്‍ ക്ലൈമാക്‌സ് സീനിലാണ് അഞ്ചു വയസുള്ളപ്പോള്‍ ശ്യാം അഭിനയിച്ചത്.
താന്‍ എങ്ങനെയാണ് കിലുക്കത്തിലേക്ക് എത്തിയതെന്ന് പറയുകയാണ് ശ്യാം മോഹന്‍. തന്റെ അമ്മയായിരുന്നു സിനിമയില്‍ തിലകന്റെ പങ്കാളിയായി അഭിനയിച്ചതെന്നും എന്നാല്‍ അമ്മയുടെ ചില സീനുകള്‍ അതില്‍ നിന്ന് കട്ടായി പോകുകയായിരുന്നെന്നും നടന്‍ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍.
‘കിലുക്കത്തില്‍ അമ്മയാണ് തിലകന്‍ സാറിന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. സിനിമയില്‍ അമ്മക്ക് കുറച്ച് കൂടെ സീനുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. സിനിമയില്‍ നിന്ന് ഒരുപാട് സീനുകള്‍ കട്ടായി പോയിരുന്നു. ജഗദീഷേട്ടന്റെ സീനുകളൊക്കെ ഫുള്‍ കട്ട് ചെയ്ത് പോയിരുന്നു.
ആ കൂട്ടത്തില്‍ അമ്മയുടെയും സീനുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് ഞാനും അച്ഛനുമൊക്കെ ഷൂട്ട് കാണാനായി പോയിരുന്നു. അന്ന് എനിക്ക് അഞ്ചോ ആറോ വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലൈമാക്‌സ് സീനില്‍ റിലേറ്റീവ്‌സ് വീട്ടിലേക്ക് വരുന്നതായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്.
അതില്‍ കുറച്ച് പിള്ളേര് വേണമെന്ന് പറഞ്ഞിട്ട് എന്നെയും പിടിച്ചിരുത്തുകയായിരുന്നു. അമ്മയോടായിരുന്നു അവര്‍ ആ കാര്യം പറഞ്ഞത്. ഞാന്‍ അന്ന് ഒരുപാട് കരഞ്ഞിരുന്നു. അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് (ചിരി). അവിടെ ഇങ്ങനെ മിണ്ടാതിരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ.
എന്റെ കരച്ചില് കണ്ടിട്ട് അവരാരോ എനിക്കൊരു ബിസ്‌ക്കറ്റ് തന്നു. ആ ക്രീം ബിസ്‌ക്കറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ഓക്കെയായി. ഇപ്പോള്‍ വിക്കിപീഡിയയില്‍ ഉള്‍പ്പെടെ എന്റെ ആദ്യ സിനിമ കിലുക്കമാണ് എന്നാണുള്ളത് (ചിരി),’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Shyam Mohan Talks About Mohanlal’s Kilukkam Movie