Film News
മമ്മൂക്ക പ്രേമലു കണ്ടു; ഇക്ക എന്നെ കണ്ടു, എനിക്കത് മാത്രം മതി: ശ്യാം മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 13, 02:20 am
Wednesday, 13th March 2024, 7:50 am

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.

കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ റിലീസായിരുന്നു. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയിരുന്നത്.

തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രത്തില്‍ മമിത ബൈജുവിനും നസ്‌ലെനും പുറമെ ശ്യാം മോഹനും ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടി പ്രേമലു കണ്ടതിനെ കുറിച്ച് പറയുകയാണ് ശ്യാം മോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്ക പ്രേമലു കണ്ടുവെന്ന് കേട്ടു. ഗ്രൂപ്പില്‍ അതിനെ പറ്റി പറയുന്നുണ്ടായിരുന്നു. മമ്മൂക്ക എന്നെ കണ്ടു. എനിക്കത് മാത്രം മതി,’ ശ്യാം മോഹന്‍ പറഞ്ഞു.

അഭിമുഖത്തില്‍ തന്റെ അടുത്ത ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു. കമല്‍ ഹാസന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ അമരനാണ് ശ്യാം മോഹന്റെ അടുത്ത ചിത്രം. സായ് പല്ലവി – ശിവ കാര്‍ത്തികേയന്‍ എന്നിവരൊന്നിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ സഹോദരനായാണ് ശ്യാം മോഹനെത്തുന്നത്.

ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത കമല്‍ ഹാസനാണ് അതിന്റെ പ്രൊഡക്ഷന്‍ എന്നുള്ളതാണെന്നും അദ്ദേഹം നമ്മുടെ സിനിമ കാണുമെന്നുള്ളത് സൗഭാഗ്യമാണെന്നും താരം പറയുന്നു.

‘പടം ഈ വര്‍ഷം റിലീസ് ഉണ്ടാകുമെന്നാണ് കേട്ടത്. അമരന്‍ എന്നാണ് പടത്തിന്റെ പേര്. അതില്‍ ഏറ്റവും വലിയ പ്രത്യേകത കമല്‍ ഹാസനാണ് പ്രൊഡക്ഷന്‍ എന്നുള്ളതാണ്. അത് വലിയ സൗഭാഗ്യമാണ്. അദ്ദേഹം നമ്മുടെ സിനിമ കാണും.

നമ്മളെ അവരൊക്കെ കാണുന്നു എന്നതാണ് കാര്യം. അവര് പടം കണ്ട് നന്നായിട്ടുണ്ടെന്ന് പറയണമെന്നില്ല. വലിയ ഒരു പ്രൊജക്റ്റിന്റെ ഭാഗമാകുമ്പോള്‍ അവര്‍ ആ സിനിമ കാണുമ്പോള്‍ നമ്മളെയും കാണുന്നു എന്നതാണ് കാര്യം,’ ശ്യാം മോഹന്‍ പറഞ്ഞു.


Content Highlight: Shyam Mohan Talks About Mammootty And Premalu Movie