കമല്‍ ഹാസന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അമരന്‍. സായ് പല്ലവി – ശിവ കാര്‍ത്തികേയന്‍ എന്നിവരൊന്നിക്കുന്ന ചിത്രത്തില്‍ മലയാളിയായ ശ്യാം മോഹനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തില്‍ സായ് പല്ലവിയുടെ സഹോദരനായാണ് ശ്യാം മോഹനെത്തുന്നത്. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍.
ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത കമല്‍ ഹാസനാണ് അതിന്റെ പ്രൊഡക്ഷന്‍ എന്നുള്ളതാണെന്നും അദ്ദേഹം നമ്മുടെ സിനിമ കാണുമെന്നുള്ളത് സൗഭാഗ്യമാണെന്നും താരം പറയുന്നു.
‘ഞാന്‍ ആ സിനിമയില്‍ സായ് പല്ലവിയുടെ സഹോദരനാണെന്ന് അറിയാതെ പറഞ്ഞ് പോയതായിരുന്നു. പിന്നെ എനിക്ക് ടെന്‍ഷനായി. കാരണം അപ്പോഴേക്കും അത് എക്സിലൊക്കെ വന്നിരുന്നു. ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ കുഴപ്പമില്ല, ഇനി കൂടുതലൊന്നും പുറത്ത് പറയാതിരുന്നാല്‍ മതിയെന്ന് പറഞ്ഞു.
പടം ഈ വര്‍ഷം റിലീസ് ഉണ്ടാകുമെന്നാണ് കേട്ടത്. അമരന്‍ എന്നാണ് പടത്തിന്റെ പേര്. അതില്‍ ഏറ്റവും വലിയ പ്രത്യേകത കമല്‍ ഹാസനാണ് പ്രൊഡക്ഷന്‍ എന്നുള്ളതാണ്. അത് വലിയ സൗഭാഗ്യമാണ്. അദ്ദേഹം നമ്മുടെ സിനിമ കാണും.
നമ്മളെ അവരൊക്കെ കാണുന്നു എന്നതാണ് കാര്യം. അവര് പടം കണ്ട് നന്നായിട്ടുണ്ടെന്ന് പറയണമെന്നില്ല. വലിയ ഒരു പ്രൊജക്റ്റിന്റെ ഭാഗമാകുമ്പോള്‍ അവര്‍ ആ സിനിമ കാണുമ്പോള്‍ നമ്മളെയും കാണുന്നു എന്നതാണ് കാര്യം,’ ശ്യാം മോഹന്‍ പറഞ്ഞു.
ചിത്രത്തില്‍ നായകനായെത്തുന്ന ശിവ കാര്‍ത്തികേയനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. അദ്ദേഹം വളരെ പാവം മനുഷ്യനാണെന്നും ഒരു സ്റ്റാറായിട്ട് പോലും അതിന്റെ ജാഡയൊന്നും ഇല്ലാത്ത വ്യക്തിയാണെന്നും ശ്യാം മോഹന്‍ പറയുന്നു.
‘ശിവ കാര്‍ത്തികേയനുമായി നല്ല കമ്പനിയായി. അദ്ദേഹം വളരെ പാവം മനുഷ്യനാണ്. നമുക്ക് ഫുഡ് വൈകിയാല്‍ അദ്ദേഹം വാങ്ങി തരും. ഒരു സ്റ്റാറായിട്ട് പോലും അതിന്റെ ജാഡയൊന്നും ഇല്ലാത്ത വ്യക്തിയാണ്.
ഷൂട്ട് കഴിഞ്ഞാല്‍ അദ്ദേഹം എവിടെയെങ്കിലും പോയിരിക്കും. കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് സംസാരിച്ചിരുന്നോളും. സായ് പല്ലവിയാണെങ്കിലും അങ്ങനെയാണ്.
ആള്‍ അഭിനയിക്കുന്നതും എത്രത്തോളം അതില്‍ ഇന്‍ട്രസ്റ്റഡാണെന്നും കണ്ടിരിക്കാന്‍ നല്ല രസമാണ്. നല്ല ഒരു എക്സ്പീരിയന്‍സായിരുന്നു ആ സിനിമ,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Shyam Mohan Talks About Kamal Haasan