Advertisement
Entertainment
അല്പം ടോക്‌സിക്കായ ആ കഥാപാത്രത്തിന് അത്രയും വലിയൊരു സ്വീകാര്യത ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: ശ്യാം മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 05, 05:06 pm
Wednesday, 5th February 2025, 10:36 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. പൊന്‍മുട്ട എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു. 2024ലെ വമ്പന്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ നടന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തന്റെ സിനിമാ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍. പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലെ വീഡിയോകള്‍ ചെയ്തായിരുന്നു തന്റെ അഭിനയ ജീവിതത്തിന് തുടക്കമെന്നും പൊന്മുട്ടയിലെ വെബ് സീരീസുകള്‍ കണ്ടിട്ടാണ് പത്രോസിന്റെ പടപ്പുകള്‍, ഹെവന്‍, ജേണി ഓഫ് ലവ് 18 പ്ലസ്, എന്നീ ചിത്രങ്ങളിലൊക്കെ അവസരം ലഭിച്ചതെന്നും ശ്യാം പറയുന്നു.

പ്രേമലു എന്ന സിനിമക്ക് ശേഷം ഓഡിഷനുകള്‍ ചെയ്തിട്ടില്ലെന്നും പ്രേമലുവിലെ കഥാപാത്രത്തിന് അത്രയും വലിയ സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ലെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.

‘2017 മുതല്‍ അഭിനയരംഗത്ത് ഞാന്‍ സജീവമായുണ്ട്. ‘പൊന്മുട്ട’ എന്ന യൂട്യൂബ് ചാനലിലെ വീഡിയോകള്‍ ചെയ്തായിരുന്നു തുടക്കം. അതിന് ശേഷമാണ് ഫിലിം മേക്കിങ്ങിനെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നത്. സ്‌ക്രിപ്റ്റ് എഴുതുന്നു, ലൊക്കേഷന്‍ തപ്പിപോകുന്നു, എഡിറ്റിങ്ങില്‍ ഇരിക്കുന്നു… ഇതെല്ലാം എനിക്ക് സിനിമയോടുള്ള അടുപ്പം കൂട്ടി.

പൊന്മുട്ടയിലെ വെബ് സീരീസുകള്‍ കണ്ടിട്ടാണ് പത്രോസിന്റെ പടപ്പുകള്‍, ഹെവന്‍, ജേണി ഓഫ് ലവ് 18 പ്ലസ്, എന്നീ ചിത്രങ്ങളിലൊക്കെ അവസരം കിട്ടിയത്. ആദ്യസിനിമ പത്രോസിന്റെ പടപ്പുകളില്‍ ഓഡിഷന്‍ വഴിയാണ് കയറിയത്. പ്രേമലുവിനുശേഷം ഓഡിഷനുകള്‍ ചെയ്തിട്ടില്ല. ഓരോ സിനിമ കണ്ടിട്ടാണ് പലരും വിളിച്ചത്.

പ്രേമലുവിലെ ആദി കൗശലക്കാരനും അല്പം ടോക്‌സിക്കുമായ കഥാപാത്രമാണല്ലോ. വേറെ പലരെയും കൊണ്ട് അഭിനയിപ്പിച്ചുനോക്കിയ ശേഷം അവസാനത്തെ ഓപ്ഷനായിട്ടാണ് ഞാനെത്തിയത്. എന്തോ ഭാഗ്യംകൊണ്ട് അത് ക്ലിക്കായി.

അത്രയും വലിയൊരു സ്വീകാര്യത ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കണ്ട് പല സംവിധായകരും വിളിച്ചു. രാജമൗലി സാര്‍ ഞാനവതരിപ്പിച്ച ആദിയുടെ മാനറിസങ്ങളെപ്പറ്റി സംസാരിച്ചു. സോഷ്യല്‍ മീഡിയയില്‍ പലരും നല്ല അഭിപ്രായങ്ങള്‍ കുറിച്ചിട്ടു. അതൊക്കെ നല്‍കിയ സന്തോഷം വളരെ വലുതാണ്,’ ശ്യാം മോഹന്‍ പറയുന്നു.

Content highlight: Shyam Mohan talks about his character in