| Sunday, 3rd November 2024, 1:23 pm

ആ പടത്തെ പറ്റി പറയാന്‍ വീഡിയോ കോള്‍ ചെയ്യാമെന്ന് പറഞ്ഞു; അതൊരു സ്‌കാം ആണെന്ന് ഞാന്‍ കരുതി: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിച്ച ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്.

ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തിയപ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തിയത് സായ് പല്ലവി ആയിരുന്നു. അമരനില്‍ തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് അഭിനയിക്കുന്നത്.

സിനിമയില്‍ സായ്‌യുടെ സഹോദരനായി അഭിനയിച്ചത് ശ്യാം മോഹനായിരുന്നു. താന്‍ അമരന്‍ സിനിമ ചെയ്യുന്നത് പ്രേമലു റിലീസാകുന്നതിന് മുമ്പായിരുന്നെന്ന് പറയുകയാണ് ശ്യാം. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് മെസേജ് അയക്കുകയായിരുന്നെന്നും എന്നാല്‍ താന്‍ വിശ്വസിച്ചില്ലെന്നും നടന്‍ പറയുന്നു.

‘ഞാന്‍ അമരന്‍ സിനിമ ചെയ്യുന്നത് പ്രേമലു റിലീസാകുന്നതിന് മുമ്പായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായ അഖിലയാണ് എന്നെ ആദ്യം പടത്തിലേക്ക് വിളിക്കുന്നത്. അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമയെ കുറിച്ച് പറഞ്ഞെങ്കിലും ഞാന്‍ വിശ്വസിച്ചില്ല.

അത് വെറും സ്‌കാം ആകാമെന്നായിരുന്നു ഞാന്‍ കരുതിയത്. അതിന് ശേഷമാണ് വീഡിയോ കോളിലൂടെ സംസാരിക്കണമെന്ന് പറയുന്നത്. വീഡിയോ കോളിന്റെ കാര്യം കേട്ടതോടെ സ്‌കാം തന്നെയാകുമെന്ന് ഉറപ്പിച്ചു. പിന്നീടാണ് അങ്ങനെയല്ലെന്ന് മനസിലാകുന്നത്.

ആ സമയത്ത് മലയാളത്തില്‍ ഞാന്‍ വലിയ സിനിമകളൊന്നും ചെയ്തിരുന്നില്ല. ഞാന്‍ അത്ര പോപ്പുലറുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കുറച്ച് സമയമെടുത്തു. ലൊക്കേഷനില്‍ എത്തിയപ്പോഴാണ് പൂര്‍ണമായ വിശ്വാസം വരുന്നത്,’ ശ്യാം മോഹന്‍ പറയുന്നു.

Content Highlight: Shyam Mohan Talks About Amaran Movie

We use cookies to give you the best possible experience. Learn more