| Monday, 26th February 2024, 2:14 pm

പൊന്മുട്ട കോപ്പിയല്ലേയെന്ന് കമന്റുകള്‍ വരാന്‍ തുടങ്ങി, കരിക്കിലെ നിഖില്‍ ഒടുവില്‍ എന്നോട് ഒരു കാര്യം പറഞ്ഞു: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്യാം മോഹൻ. പൊൻമുട്ടയെന്ന വെബ് സീരീസിലൂടെ താരം കൂടുതൽ സ്വീകാര്യനായിരുന്നു.

എന്നാൽ ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന പ്രേമലുവിലെ ആദിയെന്ന കഥാപാത്രമായി മറ്റാരെയും സങ്കല്പിക്കാൻ കഴിയാത്തവിധം കയ്യടി നേടുകയാണ് ശ്യാം മോഹൻ.

പൊന്മുട്ടയുടെ എപ്പിസോഡുകൾ ചെയ്തിരുന്ന സമയത്ത് മോശം കമന്റുകൾ സ്ഥിരമായി വരുമായിരുന്നു എന്നാണ് ശ്യാം പറയുന്നത്. അന്ന് കരിക്കിന്റെ വെബ് സിരീസുകൾ വലിയ സ്വീകാര്യത നേടിയിരുന്നുവെന്നും അതുകൊണ്ട് തന്നെ കരിക്കിന്റെ കോപ്പിയല്ലേ എന്നായിരുന്നു സ്ഥിരമായി ചോദിക്കാറുണ്ടായിരിന്നതെന്നും ശ്യാം പറഞ്ഞു. ഇപ്പോൾ കമന്റുകൾ വായിക്കാറില്ലെന്നും ശ്യാം മിർച്ചി മലയാളത്തോട് കൂട്ടിച്ചേർത്തു.

‘പണ്ടൊക്കെ കമന്റ്‌ വായിച്ചു വല്ലാതെ വിഷമിക്കാറുണ്ടായിരുന്നു ഞാൻ. പൊന്മുട്ട തുടങ്ങിയ സമയത്ത് വല്ലാതെ നെഗറ്റീവ് കമന്റ്‌ വരുമായിരുന്നു. പൊന്മുട്ട വലിയ രീതിയിൽ വളർന്നിട്ടില്ല. പൊന്മുട്ടയുടെ ആദ്യത്തെ ഒന്ന് രണ്ട് എപ്പിസോഡുകൾ ഞങ്ങൾ ട്രൈ ചെയ്യുകയാണ്. അന്ന് കരിക്ക് വല്ലാതെ വളർന്നിട്ടുണ്ട്. കരിക്കിൽ നിന്ന് മാറി പുതിയതായി എന്ത് ചെയ്യാമെന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്.

കരിക്കല്ലാതെ വേറെയൊന്നും അംഗീകരിക്കില്ല എന്നൊരു മെന്റാലിറ്റി അന്നുണ്ടായിരുന്നു. എന്ത് ചെയ്താലും, കരിക്ക് കോപ്പിയല്ലേടാ, നീ കരിക്ക് കോപ്പിയല്ലേ എന്നൊക്കെ പറഞ്ഞ് ട്രോളൊക്കെ വന്നിട്ടുണ്ട്. ആ സമയത്തൊക്കെ കമന്റ് വായിക്കുമ്പോൾ ഞങ്ങൾ അത് കണ്ടിട്ട് വിഷമിച്ചിരുന്നു. മോശം കമന്റുകളായിരുന്നു കൂടുതലും.

എന്തിനാണ് ഇങ്ങനെ പറയുന്നത്, ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറഞ്ഞാൽ മതിയല്ലോ. ഇത് തെറി വിളിക്കുകയൊക്കെയാണ്. ഞാൻ പിന്നെ ഈ അടുത്ത കാലത്താണ് കമന്റ് വായിക്കുന്നത് നിർത്തിയത്. അതിന്റെ ആവശ്യമില്ലെന്ന് കരിക്കിലെ നിഖിൽ എന്നോട് പറഞ്ഞു.

നമ്മൾ അത് വായിക്കാൻ നിന്ന് കഴിഞ്ഞാൽ അത് വല്ലാതെ നമ്മളെ ബാധിക്കും. നമ്മുടെ വർക്ക്‌ ചെയ്ത് പോവുക എന്നതാണ് നല്ലത്.

അടുത്തത് എന്ത് ചെയ്യണമെന്നൊരു ഭാരം മനസിനുണ്ട്,’ശ്യാം മോഹൻ പറയുന്നു.

Content Highlight: Shyam Mohan Talk About  Ponmutta And Karikku Web Series

We use cookies to give you the best possible experience. Learn more