കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. പൊന്‍മുട്ട എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും ശ്യാം ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ കഴിഞ്ഞവര്‍ഷം വന്‍ വിജയം നേടിയ സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു.
അമരന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശ്യാം മോഹന്‍. 18+ എന്ന ചിത്രം കണ്ടിട്ടാണ് തന്നെ അമരനിലേക്ക് വിളിച്ചതെന്ന് ശ്യാം മോഹന്‍ പറഞ്ഞു. പ്രേമലു റിലീസാകുന്നതിന് മുന്നേ താന്‍ അമരനില്‍ ജോയിന്‍ ചെയ്‌തെന്നും ചിത്രം കണ്ടിട്ട് ശിവകാര്‍ത്തികേയന്‍ തനിക്ക് മെസേജയച്ചെന്നും ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു. താരജാഡയൊന്നുമില്ലാത്ത പെരുമാറ്റമായിരുന്നു ശിവകാര്‍ത്തികേയന്റേതെന്നും ശ്യാം പറഞ്ഞു.
സായ് പല്ലവിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നും ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സീന്‍ കിട്ടിയാല്‍ അതിനോടുള്ള സമീപനവും അവതരണരീതിയുമെല്ലാം കണ്ടുനിന്നുപോകുമെന്ന് ശ്യാം പറഞ്ഞു. വളരെ സൂക്ഷ്മതയോടെയാണ് സായ് പല്ലവി ഓരോ സീനും ചെയ്യാറുള്ളതെന്നും ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ശ്യാമപ്രസാദിനൊപ്പമുള്ള ഷൂട്ടിങ് അനുഭവവും ശ്യാം പങ്കുവെച്ചു.
ഋതു എന്ന ചിത്രം കണ്ടപ്പോള്‍ തൊട്ട് താന്‍ ശ്യാമപ്രസാദിന്റെ വലിയൊരു ആരാധകനായിരുന്നെന്ന് ശ്യാം മോഹന്‍ പറഞ്ഞു. ആ ബഹുമാനം കൊണ്ട് ആദ്യത്തെ കുറച്ചുദിവസം അദ്ദേഹത്തോട് സംസാരിക്കാന്‍ പേടിയായിരുന്നെന്നും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ശ്യാമപ്രസാദുമായി നല്ല കമ്പനിയായെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍.
‘ജേര്‍ണി ഓഫ് ലവ് 18+ എന്ന സിനിമ കണ്ടിട്ടാണ് എന്നെ അമരനിലേക്ക് വിളിച്ചത്. പ്രേമലു റിലീസാകുന്നതിന് മുന്നേ ഞാന്‍ അമരനില്‍ ജോയിന്‍ ചെയ്തു. സിനിമ റിലീസായ ശേഷം ശിവകാര്‍ത്തികേയന്‍ സാര്‍ പ്രേമലു കണ്ടിട്ട് എനിക്ക് മെസേജയച്ചു. താരജാഡകളൊന്നുമില്ലാതെ വളര നല്ല രീതിയിലായിരുന്നു ശിവകാര്‍ത്തികേയന്‍ സെറ്റില്‍ എല്ലാവരോടും പെരുമാറിയിരുന്നത്.
അതുപോലെ സായ് പല്ലവിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നു. ഒരു സീന്‍ കിട്ടിയാല്‍ അതിനോടുള്ള സമീപനവും അവതരണരീതിയുമെല്ലാം കണ്ടുനിന്ന് പോകും. അത്രമാത്രം സൂക്ഷ്മതയോടെയാണ് അവര്‍ അഭിനയിക്കുന്നത്. അതുപോലെ ശ്യാമപ്രസാദ് സാറുമൊത്തുള്ള അനുഭവവും രസകരമായിരുന്നു. ഋതു എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തോട് ആരാധനയുണ്ട്. അതുകൊണ്ട് ആദ്യത്തെ കുറച്ചുദിവസം സംസാരിക്കാന്‍ പേടിയായിരുന്നു. പിന്നീട് അദ്ദേഹവുമായി നല്ല കമ്പനിയായി,’ ശ്യാം മോഹന്‍ പറയുന്നു.
Content Highlight: Shyam Mohan shares the shooting experience of Amaran movie and Sai Pallavi