'ഞാന്‍ ഗൗരവം കാണിച്ചു നില്‍ക്കുന്നത് കണ്ട് നസ്‌ലെന് ചിരി വന്നു': ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ശ്യാം മോഹന്‍
Entertainment
'ഞാന്‍ ഗൗരവം കാണിച്ചു നില്‍ക്കുന്നത് കണ്ട് നസ്‌ലെന് ചിരി വന്നു': ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ശ്യാം മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 9:54 pm

പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും സിനിമയിലേക്ക് വന്ന നടനാണ് ശ്യാം മോഹന്‍. ഹെവന്‍, 18+ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശ്യാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് നസ്‌ലെന്‍ നായകനായ പ്രേമലു. തിയേറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രേമലുവില്‍ ഏറ്റവും കൂടുതല്‍ കൈയടി കിട്ടുന്നത് ശ്യാമിന്റെ ആദി എന്ന കഥാപാത്രത്തിനാണ്. പുറമെ ഫെമിനിസ്റ്റ് എന്ന് നടിക്കുന്ന ആദി എന്ന കഥാപാത്രത്തെക്കുറിച്ചും നസ്‌ലെനുമായുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പങ്കുവെച്ചു.

ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത് ഏതെങ്കിലും സീന്‍ എടുക്കുമ്പോള്‍ ചിരി വന്നിരുന്നോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ചില സീനുകളില്‍ ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. പക്ഷേ ആദി എന്ന കഥാപാത്രത്തിലേക്ക് ഞാന്‍ ഇന്‍ ആയ ശേഷമാണ് ഓഫീസിലെ സീനുകള്‍ ഷൂട്ട് ചെയ്തത്. അതിന് ശേഷം ഹൈദരാബാദില്‍ എത്തിയ ശേഷമാണ് ആ കഥാപാത്രത്തില്‍ നല്ലവണ്ണം ഇന്‍വോള്‍വ് ആകുന്നത്. അതുകഴിഞ്ഞിട്ട് പിന്നെ എനിക്ക് വലുതായിട്ട് ചിരിയൊന്നും വരില്ലായിരുന്നു. ട്രിപ്പ് പോവുന്ന സമയത്ത് ഞാന്‍ ചെറുതായിട്ട് ആദിയിലേക്ക് മാറാന്‍ തുടങ്ങി. ആളുകള്‍ എന്റെ അടുത്തേക്ക് കൂടുതല്‍ വരുമ്പോള്‍ ഇറിട്ടേഷന്‍ വരുമായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ റിയാലിറ്റിയിലേക്ക് തിരിച്ചുവരുമായിരുന്നു.

കോമഡി ചെയ്യുമ്പോള്‍ അങ്ങനെ ചിരിയൊന്നും വരില്ലായിരുന്നു. പക്ഷേ സീരിയസ് ആയിട്ടുള്ള സീനുകളില്‍ ചിരി വന്നു. അത് 18+ എന്ന സിനിമയിലായിരുന്നു. അതില്‍ ഞാനും നസ്‌ലെനും സീരിയസ് പരിപാടിയായിരുന്നു. ആ സിനിമയില്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറങ്ങിയിട്ട് അവനെ ഭീഷണിപ്പെടുത്തുന്ന സീനൊക്കെയുണ്ട്. ആ സീനില്‍ ഞാന്‍ കടുപ്പിച്ചു നില്‍ക്കുന്നത് കണ്ട് അവന് ചിരി വന്നു. പക്ഷേ പ്രേമലുവില്‍ കോമഡിയാണെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് പ്രശ്‌നമില്ലാതെ പോയി,’ ശ്യാം പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Shyam Mohan share the shooting experience with Naslen