| Wednesday, 14th February 2024, 10:57 am

ആ സീനില്‍ ഗിരീഷ് ചിരിക്കുന്നത് കണ്ടപ്പോള്‍ ഈ ക്യാരക്ടര്‍ വര്‍ക്കൗട്ടായെന്ന് മനസിലായി: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്മുട്ട എന്ന വെബ് സീരീസിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനാണ് ശ്യാം മോഹന്‍. ഹെവന്‍, 18+ എന്നീ സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. ചിത്രത്തില്‍ ശ്യാമിന്റെ ആദി എന്ന കഥാപാത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന പ്രേമലുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യ സീനിലെ അനുഭവം താരം പങ്കുവെച്ചു. ആദി എന്ന കഥാപാത്രമാകാന്‍ എന്തെങ്കിലും പ്രിപ്പറേഷന്‍സ് എടുത്തിരുന്നോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഞാനുമായി ഒരു തരത്തിലും കണക്ടഡ് അല്ലാത്ത കഥാപാത്രമാണ് ആദി. ഞാന്‍ ഒരു നാടന്‍ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച ഒരാളാണ് ഞാന്‍. കോര്‍പ്പറേറ്റില്‍ വര്‍ക്ക് ചെയ്തതുകൊണ്ട് ഇവരുടെ ബോഡി ലാംഗ്വേജും അവരെ പ്രസന്റ് രീതിയുമൊക്കെ ശ്രദ്ധിച്ചിരുന്നു. വളരെ രസമുളള സംഗതിയാണ് അത്. ആദിയെപ്പോലെ ചില ക്യാരക്ടേഴ്‌സ് ഉണ്ട്. നമ്മള്‍ മലയാളികളയതു കൊണ്ട് അങ്ങനെയുള്ള ആളുകളെ അടുത്തറിയുമ്പോ മനസിലാകും, ഇവനാള് ശരിയല്ലല്ലോ എന്ന്. അവരൊക്ക സ്വന്തമായി ഒരു പേഴ്‌സോണ ക്രിയേറ്റ് ചെയ്തവരാണ്. ആരെയെങ്കിലും നോക്കുമ്പോള്‍ പോലും പ്രത്യേക രീതിയിലേ ഇവര്‍ നോക്കുള്ളൂ.

ആദി എന്ന കഥാപാത്രം വര്‍ക്കായി എന്ന് എനിക്ക് മനസിലായത് ആദിയുടെ ആദ്യത്തെ സീനിലാണ്. ആദിയുടെ ഫസ്റ്റ് സീന്‍ തന്നെയാണ് സിനിമയില്‍ എന്റെ ഫസ്റ്റ് സീന്‍. റീനു വരുമ്പള്‍ റീനുവിന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. അത് കഴിഞ്ഞ് റീനുവിന് ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോള്‍ പുള്ളിയുടെ ഒരു ചിരിയുണ്ട്. അതില്‍ ഒരു ഈവിള്‍ പരിപാടിയുണ്ട്. നിന്നെ ഞാന്‍ എടുത്തോളാം എന്ന് ഒരു അര്‍ത്ഥം അതിനുണ്ട്. ആ ഷോട്ട് കണ്ടപ്പോള്‍ ഗിരീഷ് ചിരിച്ചു. അപ്പോള്‍ എനിക്ക് മനസിലായി, ഈ പരിപാടി എവിടെയോ വര്‍ക്ക് ആയെന്ന്,’ ശ്യാം പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Contnet Highlight: Shyam Mohan share the experience of first day  shooting of Premalu

We use cookies to give you the best possible experience. Learn more