സംവിധായകൻ പത്മകുമാർ പ്രേമലു രണ്ട് തവണ കണ്ടെന്ന് നടൻ ശ്യാം മോഹൻ. താൻ ഫെഫ്കെയുടെ പരിപാടിക്ക് പോയിട്ടുണ്ടായിരുന്നെന്നും അവിടെ ബി. ഉണ്ണികൃഷ്ണൻ ഒക്കെ ഉണ്ടായിരുന്നെന്നും അദ്ദേഹമെല്ലാം തന്റെ പ്രകടനത്തെ അഭിനന്ദിച്ചെന്നും ശ്യാം പറഞ്ഞു. അവരൊക്കെ ഈ സിനിമ കാണുമെന്ന് കരുതിയില്ലെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ഫെഫ്കെയുടെ ഒരു ഇവന്റിനു പോയിട്ടുണ്ടായിരുന്നു. ബി. ഉണ്ണികൃഷ്ണൻ സാറും ഉണ്ടായിരുന്നു. പത്മകുമാർ സാർ രണ്ടു തവണ സിനിമ കണ്ടു എന്നു പറഞ്ഞു. അവരൊക്കെ എടുക്കുന്ന സിനിമകൾ ഈ ഒരു ടൈപ്പ് അല്ല. നമ്മളൊക്കെ വിചാരിക്കുന്നത് ഇവരൊക്കെ ഇത് കാണുമോയെന്നാണ്. എന്നാൽ ഇവരൊക്കെ സിനിമ കണ്ടിട്ടുണ്ട്. കണ്ടിട്ടുണ്ടെന്ന് നമ്മളോട് പറയുകയും ചെയ്തു. നല്ല സന്തോഷം തോന്നി.
അതുപോലെ ജിയോ ബേബി സാർ മെസേജ് അയച്ചിരുന്നു. പുള്ളി ഇങ്ങനെ ഒരു പടത്തിന്റെ വക്താവേ അല്ല. വേറെ ടൈപ്പ് പടങ്ങൾ ചെയ്യുന്ന ആളാണ്. പുള്ളി എനിക്ക് പേഴ്സണൽ മെസേജ് ഒക്കെ അയച്ചു. അനിൽ രാധാകൃഷ്ണൻ സാർ വിളിച്ചിരുന്നു.,’ ശ്യാം മോഹൻ പറഞ്ഞു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.
കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ മാർച്ച് എട്ടിന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു.എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് റിലീസായിരിക്കുന്നത്.
Content Highlight: Shyam mohan says that pathmakumar saw premalu two times