| Wednesday, 19th February 2025, 9:50 am

സാധാരണക്കാരെപോലെ റോഡ് മുറിച്ച് കടന്ന് നടന്‍ ശ്യാം മോഹനെന്ന് 'പൂമ്പാറ്റ'; എന്നാ പിന്നെ ഞാന്‍ ഇഴഞ്ഞ് വരാമെന്ന്‌ ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ് ശ്യാം മോഹന്‍ റോഡ് മുറിച്ച് കടക്കുന്ന വീഡിയോയും അതിനടിയില്‍ ശ്യാം മോഹന്‍ ഇട്ട കമന്റും. ‘സാധാരണക്കാരെപോലെ റോഡ് മുറിച്ച് കടന്ന് നടന്‍ ശ്യാം മോഹന്‍’ എന്നാണ് ബട്ടര്‍ഫ്ളൈ മീഡിയ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അവര്‍ കൊടുത്ത ക്യാപ്ഷന്‍. ഇതിന് മറുപടിയായി ആ വീഡിയോയുടെ താഴെ ‘എന്നാ പിന്നെ ഞാന്‍ ഇഴഞ്ഞ് വരാം’ എന്ന് ശ്യാം മോഹന്‍ കമന്റ് ഇട്ടിരുന്നു. നിമിഷ നേരംകൊണ്ട് ആയിരകണക്കിന് ലൈക്കുകളാണ് ശ്യാം മോഹന്റെ കമന്റിന് ലഭിച്ചത്.

‘ഒരു നടന്റെ ഗതികേട്.. ഒന്ന് റോഡ് ക്രോസ് ചെയ്യാന്‍ ചെയ്യാനും പറ്റാത്ത അവസ്ഥയാണല്ലോ’ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ‘അല്ല അവനൊരു പാലം പണിത് കൊടുക്കാം..കൊണ്ട് പോടേയ്’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘അല്ലാതെ പിന്നെ നടനാണെന്ന് വെച്ച് തലയും കുത്തി റോഡ് മുറിച്ച് കടക്കാനോ’ എന്നൊരാള്‍ ബട്ടര്‍ഫ്ളൈ മീഡിയയെ വിമര്‍ശിച്ചു.

പാപ്പരാസികള്‍ എന്ന് പറയപ്പെടുന്ന ഇത്തരം യൂട്യൂബ് ചാനലിലുകളുടെ വീഡിയോയ്ക്ക് നേരെ ഇതിന് മുമ്പും രൂക്ഷ വിമര്‍ശനം വന്നിരുന്നു. സെലിബ്രിറ്റികള്‍ പോകുന്നിടത്തെല്ലാം അവരെ ഫോളോ ചെയ്ത്, അവരുടെ പ്രൈവസിയിലേക്ക് തന്നെ കടന്ന് കയറി ഫോട്ടോയും വീഡിയോയും എടുക്കുന്ന ഇത്തരം യൂട്യൂബ് ചാനലുകള്‍ക്കെതിരെ നേരത്തെയും പല സെലിബ്രിറ്റികളും രംഗത്ത് വന്നിരുന്നു.

വീഡിയോയ്ക്ക് ഇവര്‍ കൊടുക്കുന്ന ക്യാപ്ഷനും തമ്പ്‌നെയില്‍സും വിമര്‍ശങ്ങള്‍ക്ക് വിധേയമാകാറുണ്ട്.

കുറച്ച് ദിവസം മുമ്പ് പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന തന്റെ ദൃശ്യങ്ങള്‍ മോശമായ ആങ്കിളില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനിലും രംഗത്തെത്തിയിരുന്നു.

നീലക്കുയില്‍ എന്റെര്‍ടെയിന്‍മെന്റ്സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോയെയാണ് എസ്തര്‍ പരിഹസിച്ചത്. ‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്ക് എത്തിയ എസ്തറിന്റെ മോശം ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ചാനല്‍ പുറത്ത് വിടുകയായിരുന്നു.

എസ്തറും ചിത്രത്തിലെ നായകന്‍ കെ.ആര്‍ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വീഡിയോ മോശമായ ആംഗിളില്‍ ചിത്രീകരിച്ചു എന്ന് പറഞ്ഞാണ് താരം ആ വീഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തത്.

Content highlight: Shyam Mohan’s sarcastic comment on a YouTube channel

Latest Stories

We use cookies to give you the best possible experience. Learn more