Film News
പഴയ കാലത്തെ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി പുതിയ കാലത്തെ കെയറേട്ടന്‍; പ്രേമലുവിലെ ആദി
ഹുദ തബസ്സും കെ.കെ
2024 Feb 11, 12:01 pm
Sunday, 11th February 2024, 5:31 pm

പുറമെ ഫെമിനിസ്റ്റ് നാട്യവും ഉള്ളിൽ സ്ത്രീവിരുദ്ധതയുമുള്ള ഒരുപാട് പേർ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിൽ ശ്യാം മോഹൻ അവതരിപ്പിച്ച ആദി എന്ന കഥാപാത്രം ഇത്തരം മനോഭാവമുള്ള ഒരാളാണ്.

മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സാലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.

ഓഫീസിലെ തങ്ങളുടെ സഹപ്രവര്‍ത്തകയുടെ കല്യാണത്തിന് റീനുവും ആദിയും കാര്‍ത്തികയുമെല്ലാം ഒരുമിച്ചാണ് പോകുന്നത്. ഇവിടെ വെച്ചാണ് റീനുവും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്.

കല്യാണ വീട്ടില്‍ നിന്നും ഹൈദരാബാദിലേക്കുള്ള തിരിച്ചുള്ള യാത്രയില്‍ സച്ചിനും അമലിനുമൊപ്പം വരാന്‍ റീനുവും കാര്‍ത്തികയും താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആദി അതിന് വിലങ്ങുതടിയാവുന്നുണ്ട്. കെയറേട്ടന്‍ കളിച്ച് ആ യാത്ര തടസ്സപ്പെടുത്താന്‍ ആദി ശ്രമിക്കുകയാണ്.

എന്നാല്‍ അതേസമയം തന്നെ സ്ത്രീകള്‍ക്ക് സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും താന്‍ ഈ ടീമിന്റെ ലീഡര്‍ ആയതുകൊണ്ട് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുണ്ടെന്നും പറഞ്ഞാണ് തന്റെ ഭാഗം ആദി ന്യായീകരിക്കുന്നത്. താന്‍ വലിയ സംരക്ഷകനാണെന്നും റീനുവിന്റേയും കാര്‍ത്തികയുടേയും സുരക്ഷ തന്റെ ബാധ്യതയാണെന്നും വരുത്തി തീര്‍ക്കുന്നുണ്ട് ആദി.

ഇത്തത്തില്‍ പല സന്ദര്‍ഭങ്ങളിലും റീനുവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ആദി ശ്രമിക്കുന്നുണ്ട്. ആവശ്യമില്ലാത്ത പൊസസീവ്‌നെസ്സും കെയറിങ്ങും ഉള്ള, ഇപ്പോഴത്തെ ജനറേഷന്‍ കെയറേട്ടന്‍ എന്ന് വിളിക്കുന്ന ഒരു കഥാപാത്രമാണ് ആദിയുടേത്.

ഒരിക്കലും തന്റെ തെറ്റ് അംഗീകരിക്കാത്ത ഒരാളാണ് ആദി. സിനിമയുടെ പല സന്ദര്‍ഭങ്ങളിലും റീനുവിന്റെ പല കാര്യങ്ങളിലും ഇടിച്ചുകയറി തീരുമാനമെടുക്കാന്‍ ശ്രമിക്കുന്നത് ആദിയാണ്.

സച്ചിന് റീനുവിനോടുള്ള താത്പര്യം മനസിലാക്കുന്ന ആദി അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ യാത്രകളില്‍ സച്ചിന്‍ കൂടെ വരുന്നത് ആദി ഇഷ്ടപ്പെടുന്നില്ല. സച്ചിനെ താഴ്ത്തിക്കെട്ടാനുള്ള പല ശ്രമങ്ങളും ആദി നടത്തുന്നു. സച്ചിനെ കള്ളനാക്കാന്‍ നോക്കി സ്വയം പരിഹാസ്യനാകുന്നുണ്ട് ഒരു രംഗത്തില്‍ ആദി.

റീനുവിന്റെ യാത്രകളില്‍ പോലും ലൈവ് ലൊക്കേഷന്‍ അയക്കാന്‍ പറഞ്ഞും വീഡിയോ കോള്‍ ചെയ്തുമെല്ലാം ആദി ഇടപെടുന്നുണ്ട്. പഴയ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയുടെ ചേഷ്ടകളും ആദിയില്‍ കാണാം.  ഹിറ്റ്‌ലര്‍ എന്ന ചിത്രത്തില്‍ സഹോദരിമാരുടെ സംരക്ഷനാകാണ് മാധവന്‍ കുട്ടി ശ്രമിക്കുന്നതെങ്കില്‍ പ്രേമലുവില്‍ സഹപ്രവര്‍ത്തകരുടെ സംരക്ഷണമേറ്റെടുത്ത് കെയറേട്ടന്‍ കളിക്കുന്ന ആളാണ് ആദി.

സിനിമയുടെ അവസാന ഘട്ടങ്ങളില്‍ തന്നോട് പ്രണയമില്ലെന്ന് റീനു തുറന്നടിക്കുമ്പോള്‍ ആദി അവിടെ പതറിപ്പോകുന്നുണ്ട്. മാത്രമല്ല റീനുവിനോടും സച്ചിനോടും പ്രതികാരം വീട്ടാന്‍ ആദി അല്‍പ്പം കടന്ന കൈ തന്നെയാണ് സ്വീകരിക്കുന്നത്. എന്നാല്‍ അവിടെയും വളരെ രസകരമായ ചില രംഗങ്ങളിലൂടെ ആദിയെ വെറും കോമഡി പീസാക്കുന്നുണ്ട് സംവിധായകന്‍.

നര്‍മവും സീരിയസും കലര്‍ന്ന പെരുമാറ്റമുള്ള ഒരാളാണ് ആദി. കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ശ്യാം മോഹന്‍ എന്ന നടന് സാധിച്ചിട്ടുണ്ട്.

പ്രേമലുവിന് പുറമെ 18 പ്ലസ് ലവ് ഓഫ് ജേര്‍ണി, ഹെവന്‍ തുടങ്ങിയ സിനിമകളിലും ശ്യാം മോഹന്‍ അഭിനയിച്ചിട്ടുണ്ട്. പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലെ വെബ് സീരിസിലൂടെയും ഷോര്‍ട്ട് ഫിലിമിലൂടെയുമാണ് ശ്യാം മോഹന്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്.

Content Highlight: Shyam mohan’s character in premalu movie

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം