| Wednesday, 7th February 2024, 10:19 pm

കിലുക്കത്തിലെ അവസാനം ബിസ്കറ്റ് കഴിച്ചുകൊണ്ടിരിക്കുന്നത് ഞാനാണ്: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെബ് സീരീസിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് ശ്യാം മോഹൻ. പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലെ വെബ് സീരിസിലൂടെയാണ് ശ്യാം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിൽ ക്യാരക്ടർ റോളുകളാണ് താരം ചെയ്തിട്ടുള്ളത്. എ.ഡി. ഗിരീഷ് സംവിധാനം ചെയ്യുന്ന പ്രേമലുവാണ് ശ്യാമിന്റെ ഏറ്റവും പുതിയ ചിത്രം. നസ്ലിനും മമിതയും പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ആദി എന്ന കഥാപാത്രത്തെയാണ് ശ്യാം അവതരിപ്പിക്കുന്നത്.

അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സിനിമയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. തന്റെ അമ്മ ഡ്രാമ ആർട്ടിസ്റ്റ് ആയിരുന്നെന്നും ദൂരദർശനിലെ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നും ശ്യാം പറഞ്ഞു. കിലുക്കം സിനിമയിലെ തിലകന്റെ ഭാര്യ തന്റെ അമ്മ ആയിരുന്നെന്നും ആ ചിത്രത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ശ്യാം പറയുന്നുണ്ട്.

‘എന്റെ അമ്മ ഡ്രാമ ആർട്ടിസ്റ്റ് ആയിരുന്നു. ഞാൻ സ്കൂളിൽ പോകാത്ത സമയത്തൊക്കെ നാടക വണ്ടിയിലും ക്യാമ്പിലും അമ്മയുടെ കൂടെ പോകുമായിരുന്നു. അമ്മ മരിച്ചുപോയി. അതുപോലെ ദൂരദർശനിലെ സീരിയലിൽ അമ്മ ഉണ്ടായിരുന്നു. കിലുക്കത്തിലെ തിലകന്റെ വൈഫ് ആയിട്ടൊക്കെ അമ്മ അഭിനയിച്ചിട്ടുണ്ട്. കിലുക്കത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട്.

അവസാനം തിലകന്റെ ഫാമിലിയൊക്കെ വരുന്നില്ലേ, ആ ഒരു സീനിൽ ബിസ്ക്കറ്റും കഴിച്ചിരിക്കുന്നത് ഞാനാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഞാൻ റിഹേഴ്സൽ ക്യാമ്പിലോ നാടക വണ്ടിയിലോ ആയിരുന്നു. അഭിനയം ഉള്ളത് എവിടെയോ ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു. ജോബ് ഒക്കെ നോക്കി ബോംബെയിൽ പോയപ്പോൾ എനിക്ക് കോർപ്പറേറ്റ് ജോലിയിൽ സംതൃപ്തി ഉണ്ടായിരുന്നില്ല. സിറ്റി ബാങ്കിലായിരുന്നു വർക്ക് ചെയ്തിരുന്നത്.

ഒരു ദിവസം പെട്ടെന്ന് തീരുമാനിച്ചതാണ് റിസൈന്‍ ചെയ്യാൻ. വീട്ടിൽ ഭയങ്കര പൊട്ടിത്തെറി ഒക്കെ ആയിരുന്നു. എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് അങ്കിൾ ആയിരുന്നു. ‘നീ എന്ത് ചെയ്യാൻ പോകുവാണെന്ന്’ ചോദിച്ചിരുന്നു. എനിക്കറിയില്ലായിരുന്നു എന്ത് ചെയ്യണമെന്ന് എന്തെങ്കിലും ചെയ്യുക. പിന്നെ അഭിനയത്തിൽ എത്തിയ ശേഷം 24 മണിക്കൂറും അത് തന്നെയാണ് ചിന്ത. സ്റ്റാർ ആവുക എന്നല്ല നല്ല സിനിമ ചെയ്യുക എന്നൊക്കെയാണ്,’ ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan acted in  kilukkam movie

We use cookies to give you the best possible experience. Learn more