| Friday, 23rd February 2024, 2:35 pm

ലിയോ ഇറങ്ങിയിരുന്നെങ്കിൽ ഞങ്ങൾക്ക് അങ്ങനെ നടക്കാൻ പറ്റില്ലായിരുന്നു: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു സിനിമയുടെ ഷൂട്ടിനിടയിലുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ ശ്യാം മോഹൻ. തങ്ങൾ എല്ലാവരും ഒരു അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നതെന്നും മാത്യുവിന് ഷൂട്ട് ഉണ്ടാകുമ്പോൾ അവനും വരുമായിരുന്നെന്നും ശ്യാം പറഞ്ഞു. ഒരു ദിവസം പ്രൊഡക്ഷൻ ഫുഡ് കഴിച്ച് മടുത്ത് ഹൈദരാബാദിലെ റെസ്റ്റോറന്റിൽ പോയിരുന്നെന്ന് ശ്യാം പറഞ്ഞു. അന്ന് ലിയോ ഇറങ്ങാത്തതുകൊണ്ട് തങ്ങൾക്ക് മാത്യുവിനെ കൊണ്ട് നടക്കാൻ പറ്റിയെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരുമിച്ച് ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. മാത്യുവിന്റെ ഷൂട്ട് ഉണ്ടാവുമ്പോൾ അവനും വരുമായിരുന്നു. ഒരു ദിവസം പ്രൊഡക്ഷൻ ഫുഡ് കഴിച്ച് കഴിച്ച് മടുത്ത്, ഹൈദരാബാദ് സാധനങ്ങൾ ട്രൈ ചെയ്യാം എന്ന് കരുതി വണ്ടിയിൽ നിന്നും വഴിയിൽ ഇറങ്ങി. അവിടെ അടുത്ത് പാസ്തയും മറ്റും കിട്ടുന്ന ഫേമസ് റെസ്റ്റോറന്റിൽ കയറി. ഒടുക്കത്തെ വെയ്റ്റിങ് ആയിരുന്നു.

ഒരു മണിക്കൂറൊക്കെ ഇരുന്നിട്ടാണ് ഉള്ളിൽ കയറിയത്. എനിക്ക് ചായ ഒരു പ്രശ്നമാണ്, അത് കിട്ടിയില്ലെങ്കിൽ കയ്യിന്നു പോകും. ഭക്ഷണം കഴിച്ച് ഇറങ്ങിയിട്ട് ഞങ്ങൾ കുറെ നടന്നു. അവിടുന്ന് കുറച്ചു നടക്കാനുള്ള ദൂരം ഉണ്ടായിരുന്നു. ആ സമയത്ത് ലിയോ ഇറങ്ങിയിട്ടില്ല. ലിയോ ഇറങ്ങിയിരുന്നെങ്കിൽ മാത്യുവിനെ കൊണ്ട് നമുക്ക് അങ്ങനെ തെരുവോരങ്ങളിൽ നടക്കാൻ പറ്റില്ലായിരുന്നു. നമ്മളെ ഒന്നും ആൾക്കാർക്ക് അറിയാത്തതുകൊണ്ട് കുഴപ്പമില്ല. കിലോമീറ്റർ ഓളം തേരാപ്പാര നടന്നു,’ ശ്യാം മോഹൻ പറഞ്ഞു.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സിനിമയാണ് പ്രേമലു. മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Shyam mohan about their  hangout in hydrabad

We use cookies to give you the best possible experience. Learn more