താൻ വേണ്ടെന്ന് വെച്ച വർക്കുകളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. തനിക്ക് ഒരുപാട് പ്രലോഭനങ്ങൾ വന്നിരുന്നെന്നും അത് കരിയറിന് ഗുണം ചെയ്യാത്ത വർക്കുകൾ ആയിരുന്നെന്നും ശ്യാം മോഹൻ പറഞ്ഞു.
ആ സമയത്ത് പൈസക്ക് വേണ്ടി ചെയ്യാമെന്ന് വിചാരിച്ചിരുന്നെങ്കിൽ ഇപ്പോൾ താൻ പ്രേമലുവിൽ എത്തില്ലായിരുന്നെന്നും ശ്യാം കൂട്ടിച്ചേർത്തു. പൊന്മുട്ട വിട്ട സമയത്ത് ഒരുപാട് യൂട്യൂബ് ചാനലിൽ നിന്ന് വിളിച്ചിരുന്നെന്നും ശ്യാം പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരുപാട് പ്രലോഭനങ്ങൾ വന്നിട്ടുണ്ട്. നമ്മൾ ചെയ്താലും നമ്മുടെ കരിയറിന് ഗുണം ചെയ്യാത്ത ഒരുപാട് വർക്കുകൾ എന്നെ അന്വേഷിച്ചു വന്നിട്ടുണ്ട്. ആ സമയത്ത് പൈസക്ക് വേണ്ടി ചെയ്യാമെന്ന് ഞാൻ വിചാരിച്ചിരുന്നെങ്കിൽ ഇപ്പോൾ ഞാൻ പ്രേമലുവിൽ എത്തില്ലായിരുന്നു. ഞാൻ ആരുടെയും പേരെടുത്ത് പറയുന്നില്ല. അങ്ങനെ ഒരുപാട് പരിപാടികൾ എനിക്ക് വന്നിട്ടുണ്ട്. അതൊന്നും വേണ്ട എന്ന് വെച്ച് ഒരുപാട് സമയം വെറുതെ ഇരുന്നിട്ടുണ്ട്.
പൊന്മുട്ട വിട്ട സമയത്ത് തന്നെ ഇഷ്ടം പോലെ യൂട്യൂബ് ചാനലിൽ നിന്ന് എന്നെ വിളിച്ചിട്ടുണ്ട്. വേണമെങ്കിൽ എനിക്ക് ചാടി പിടിച്ച് ചെയ്യാമായിരുന്നു. പക്ഷേ അതിൽ ഒന്നും ചെയ്യാനില്ല. പൊന്മുട്ടയുള്ള പോലെ തന്നെ വേറൊരു ടൈപ്പ് ക്യാരക്ടേഴ്സ് പരിപാടിയൊക്കെയായിരുന്നു. അതൊന്നും വേണ്ട എന്ന് വെച്ചതാണ്. ചെയ്തിരുന്നെങ്കിൽ എനിക്ക് പൈസ കിട്ടും. കയ്യിൽ പൈസയില്ല, എന്നാലും ചെയ്യേണ്ട. കുറച്ചുകൂടെ കാത്തിരുന്നാൽ വേറെ നല്ല പരിപാടി ചെയ്യാം എന്ന് കരുതിയതുകൊണ്ട് ഇത് വന്നത്,’ ശ്യാം മോഹൻ പറഞ്ഞു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ റോം കോം എന്റർടൈനറാണ്.
കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ മാർച്ച് എട്ടിന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു.എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് റിലീസായിരിക്കുന്നത്.
Content Highlight: Shyam mohan about rejected works