| Monday, 11th March 2024, 6:00 pm

അന്ന് എനിക്ക് ഹൈപ്പ് ഉണ്ടാക്കി തന്നത് രാജമൗലി സാറാണ്: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു തെലുങ്കിലേക്ക് രാജമൗലിയുടെ മകൻ ഡബ്ബ് ചെയ്ത് ഇറക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. താൻ ബോംബയിൽ ഉണ്ടായിരുന്ന സമയത്താണ് ബാഹുബലി ഇറങ്ങുന്നതെന്ന് ശ്യാം മോഹൻ പറഞ്ഞു. ആദ്യ പാർട്ടിൽ എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചർച്ച ഉണ്ടായിരുന്നപ്പോൾ അതെല്ലാം കണ്ട് ആനന്ദിച്ച ഒരാളാണ് താനെന്നും ഒരു സൗത്ത് ഇന്ത്യൻ എന്ന രീതിയിൽ അഭിമാനമായിരുന്നെന്നും ശ്യാം മോഹൻ പറയുന്നുണ്ട്.

സൗത്ത് ഇന്ത്യയിലെ സിനിമകൾ സംഭവമാണല്ലോ എന്ന് അവർ പറഞ്ഞിരുന്നെന്നും അന്ന് തനിക്ക് ഹൈപ്പ് ഉണ്ടാക്കി തന്നത് രാജമൗലി ആണെന്നും ശ്യാം കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ബോംബെയിൽ ഉണ്ടായിരുന്ന സമയത്ത്, 2015 കാലഘട്ടങ്ങളിലാണ് ബാഹുബലി ഇറങ്ങുന്നത്. ആദ്യ ബാഹുബലി ഇറങ്ങിയപ്പോൾ എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചർച്ച ഉണ്ടായിരുന്നല്ലോ, ഈ ചർച്ചയൊക്കെ കണ്ട് ആനന്ദിച്ച ഒരാളാണ് ഞാൻ. ഒരു സൗത്ത് ഇന്ത്യൻ എന്നുള്ള അഭിമാനം.

എന്നോട് അവർ വന്ന് ചോദിക്കുമായിരുന്നു നിങ്ങളുടെ സിനിമകൾ ഭയങ്കര സംഭവമാണല്ലോ എന്ന്. അന്ന് എനിക്ക് ഈ ഹൈപ്പ് ഉണ്ടാക്കിത്തന്നത് രാജമൗലി സാറാണ്. അദ്ദേഹത്തിന്റെ മകനാണ് പ്രേമലുവിന്റെ റൈറ്റ്സ് വാങ്ങിയിട്ട് തെലുങ്കിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നത്. റിലീസിന്റെ അന്ന് തന്നെ സാർ ഇരുന്ന് കാണുന്നുണ്ടെന്ന് അറിയുമ്പോൾ ഭയങ്കര ഹൈയാണ്. നമ്മളെയും പുള്ളിക്കാരൻ കാണുമല്ലോ.അഭിനയിച്ച എല്ലാവർക്കും ടെക്നീഷ്യന്മാർക്കും എല്ലാവർക്കും അത് ഒരു ഓപ്പണിങ് ആണ്,’ശ്യാം മോഹൻ പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.

കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ മാർച്ച് എട്ടിന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു.എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് റിലീസായിരിക്കുന്നത്

Content Highlight: Shyam mohan about rajamouli

We use cookies to give you the best possible experience. Learn more