ഇനി വരാനിരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹൻ. ശിവകാർത്തികേയന്റെ കൂടെ ഒരു തമിഴ് സിനിമ ചെയ്‌തെന്നും അതിൽ സായി പല്ലവിയുടെ അനിയന്റെ കഥാപാത്രമാണെന്നും ശ്യാം മോഹൻ പറഞ്ഞു. താൻ അഭിനയിച്ച 18 പ്ലസ് ലവ് ഓഫ് ജേർണി കണ്ടിട്ടാണ് ശിവകാർത്തികേയന്റെ സിനിമയിലേക്ക് വിളിച്ചതെന്ന് ശ്യാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ശിവകാർത്തികന്റെ കൂടെ ഒരു തമിഴ് പടം ചെയ്തു. 18 പ്ലസ് ഒ.ടി.ടിയിൽ നിന്ന് കണ്ടിട്ടാണ് അവർ എന്നെ വിളിച്ചത്. അതിൽ സായി പല്ലവിയുടെ ബ്രദറിന്റെ വേഷമാണ് ചെയ്യുന്നത്. എന്നെ വിളിച്ചത് അഖില എന്ന ഒരു മലയാളി കുട്ടിയാണ്. ശിവകാർത്തികേയൻ സാറുമായി കോമ്പിനേഷൻ ഉണ്ടോ എന്നാണ് ഞാനവളോട് ചോദിച്ചത്. ഉറപ്പായിട്ടും ഉണ്ടെന്ന് അവൾ പറഞ്ഞു.
അവിടെ ചെന്നിട്ട് കുറച്ച് എക്സ്ട്രാ സംഭവം കിട്ടി. ഡയറക്ടർക്ക് പെർഫോമൻസ് ഇഷ്ടപ്പെട്ടു. എന്റേത് ഒരു സംഭവം ആയിട്ടുള്ള ക്യാരക്ടർ അല്ല. പക്ഷേ പുള്ളിക്ക് പെർഫോമൻസ് ഇഷ്ടപ്പെട്ടിട്ട് കുറെ സ്ഥലങ്ങളിലെ എക്സ്ട്രാ സീനുകൾക്ക് കിട്ടി. ഇമോഷണൽ പരിപാടികൾ ഒക്കെ കിട്ടി. ശിവകാർത്തികേയൻ സാറിന്റെ കൂടെ ചെയ്യുമ്പോഴും അദ്ദേഹം എനിക്ക് സ്പേസ് തരും.
അദ്ദേഹം ഒരു സൂപ്പർസ്റ്റാർ ആണ്. ഞാൻ അദ്ദേഹത്തിനെക്കാൾ മുകളിൽ അഭിനയിച്ചാൽ പ്രശ്നമാവും എന്നാണ് ഞാൻ കരുതിയത്. പക്ഷെശിവകാർത്തികേയൻ സാർ ഭയങ്കര സിമ്പിൾ മനുഷ്യനാണ്,’ ശ്യാം മോഹൻ പറഞ്ഞു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന പ്രേമലുവാണ് ശ്യാം മോഹന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: shyam mohan about his tamizh movie