താൻ കണ്ട സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. താൻ ബോംബെയിൽ വർക്ക് ചെയ്യുന്ന സമയത്ത് സ്റ്റാൻഡ് അപ്പ് കോമഡിയും ഫിൽറ്റർ കോപ്പിയുടെ സ്കെച്ച് വീഡിയോസുമെല്ലാം കാണുമായിരുന്നെന്ന് ശ്യാം പറഞ്ഞു.
അതൊക്കെ കാണുമ്പോൾ യൂട്യൂബ് ചാനലിൽ ഇങ്ങനെ ഒരു കോമഡി പരിപാടി ചെയ്യണമെന്ന് താൻ ആലോചിച്ചിരുന്നെന്നും അത് പൊന്മുട്ടയിലൂടെ സാധ്യമായെന്നും ശ്യാം കൂട്ടിച്ചേർത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോൾ ദിലീഷ് പോത്തന്റെ കൂടെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചെന്നും അത് പ്രേമലുവിലൂടെ സാധ്യമായെന്നും ശ്യാം പറയുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഈ സ്വപ്നം കാണൽ ഒരുപാട് ഉള്ള ഒരാളാണ് ഞാൻ. ബോംബെയിൽ വർക്ക് ചെയ്യുന്ന സമയത്ത് സ്റ്റാൻഡ് അപ്പ് കോമഡി ഒക്കെ കാണുമായിരുന്നു, കെനി സെബാസ്റ്റ്യൻ പോലെയുള്ളവരുടെയൊക്കെ. പിന്നെ ഫിൽറ്റർ കോപ്പിയുടെ സ്കെച്ച് വീഡിയോസ് കാണുമായിരുന്നു.
അതൊക്കെ കാണുമ്പോൾ ഞാൻ ആലോചിച്ചിരുന്നു യൂട്യൂബ് ചാനലിൽ ഇങ്ങനെ ഒരു കോമഡി പരിപാടി ചെയ്യണമെന്ന്. പൊന്മുട്ടയിൽ എത്തിയപ്പോൾ അത് ചെയ്തു. പിന്നെ എപ്പോഴെങ്കിലും സിനിമയിൽ ഒരു പരിപാടി ചെയ്യണമെന്നുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോൾ ഞാൻ ആലോചിച്ചിരുന്നു എപ്പോഴെങ്കിലും ദിലീഷ് പോത്തിന്റെ കൂടെ പരിപാടിയൊക്കെ ചെയ്യണമെന്ന്. വെറുതെ ആഗ്രഹിച്ചതാണ്. ഇപ്പോൾ ദിലീഷ് ചേട്ടൻ പ്രൊഡ്യൂസ് ചെയ്ത പടത്തിൽ അഭിനയിച്ചു. ഇങ്ങനെ ആഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്,’ ശ്യാം മോഹൻ പറഞ്ഞു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ റോം കോം എന്റർടൈനറാണ്.
മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ശ്യാം മോഹന് പുറമെ സംഗീത് പ്രതാപ്, അഖില ഭാർഗവൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.
Content Highlight: Shyam mohan about his dreams