പ്രേമലു സിനിമയിൽ തന്റേതായ സംഭവനകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. സിനിമയുടെ ഡയലോഗ് സ്ക്രിപ്റ്റിൽ കൃത്യമായി എഴുതി വെച്ചിട്ടുണ്ടെന്നും ചില ടോണുകളൊക്കെ മാറ്റിയിട്ടുണ്ടെന്നും ശ്യാം പറഞ്ഞു. ജസ്റ്റ് കിഡിങ് എന്ന് പറയുമ്പോൾ കൈ കൊണ്ടുള്ള ആക്ഷൻ തന്റെ സംഭവനയാണെന്നും ശ്യാം കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയുടെ ഡയലോഗ് കൃത്യമായിട്ട് എഴുതിവെച്ചിട്ടുണ്ട്. ചിലതിന്റെ ടോണുകൾ എന്തെങ്കിലും മാറ്റിയിട്ടുണ്ടെങ്കിലേ ഉള്ളു. ജസ്റ്റ് കിഡിങ് എന്ന് പറയുമ്പോൾ കൈയുടെ ആക്ഷൻ എന്റെ ഇൻപുട്ട് ആയിരുന്നു. ജസ്റ്റ് കിഡിങ് എന്നുള്ളത് ഞാൻ വായിക്കുമ്പോൾ തന്നെ എന്റെ മനസിലേക്ക് വന്നത് ഇതാണ്.
അത് ആദിയുടെ സിഗ്നേച്ചർ ഐറ്റം ആണ്. അത് വെറുതെ ജസ്റ്റ് കിഡിങ് എന്ന് പറയുന്നതിനേക്കാൾ ഇങ്ങനെ ഒരു സാധനം ആലോചിച്ചപ്പോഴാണ് ഇങ്ങനെ കോട്ട് ചെയ്യുന്ന ഒരു സംഭവം ഓർമ വന്നത്. ശരിക്കും അതിന്റെ ഉപയോഗം ഓവർ ദ ടോപ്പ് സാധനങ്ങൾ പറയുമ്പോഴാണ് അത് യൂസ് ചെയ്യുക.
കളിയാക്കി പറയുന്ന സംഭവത്തിലാണ് ഇത് യൂസ് ചെയ്യുക. ആദിയെ സംബന്ധിച്ചത് വെറുതെ യൂസ് ചെയ്യുന്നതാണ്. തെങ്ങിൻതോപ്പ് എന്ന് പറയുമ്പോഴും ദേവരാഗം എന്ന് പറയുമ്പോഴെല്ലാം അത് ഉപയോഗിക്കുന്നുണ്ട്,’ ശ്യാം മോഹൻ പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്. സിനിമക്ക് പൊതുവെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
മലയാളത്തില്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു. സിനിമ മാര്‍ച്ച് എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്യും. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.
മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.
Content Highlight: Shyam mohan about his contribution in premalu