|

ഫഹദ് ഞങ്ങൾക്ക് വേണ്ടിയിട്ടാണ് ആ റീൽ ചെയ്തത്: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിൽ പ്രേമലുവിലെ ഡബ്സ്മാഷ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. ഫഹദിനെ താൻ ഇത് വരെ കണ്ടിട്ടില്ലെന്നും തങ്ങൾക്ക് വേണ്ടിയിട്ടാണ് ആ റീൽ ചെയ്തതെന്നും ശ്യാം പറഞ്ഞു. ഫഹദ് തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞിട്ടാണ് ആ ഡബ്സ്മാഷ് ചെയ്തതെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഫഹദിനെ ഇതുവരെ ഞങ്ങൾക്ക് നേരിട്ട് കാണാൻ പറ്റിയിട്ടില്ല. ഫഹദ് ഞങ്ങൾക്ക് വേണ്ടിയിട്ടാണ് ആ റീൽ ചെയ്തത്. പുള്ളിയെ ഞാനിതുവരെ കണ്ടിട്ടില്ല. സിനിമയിൽ മാത്രമേ ഞാൻ പുള്ളിയെ കണ്ടിട്ടുള്ളൂ. ഫസ്റ്റ് ഡേ പടം സക്സസ് ആയി എന്നൊക്കെ അറിഞ്ഞ് റൂമിൽ ഇരിക്കുകയാണ്.

ആ സമയം ഞാൻ ശ്യാം ഏട്ടനോട് ചോദിച്ചു. ഇനിയെങ്കിലും ഫഹദിനെ ഒന്ന് കാണിച്ചു തരുമോ എന്ന്. മച്ചാനെ വീട്ടുകാർ തന്നെ നേരിട്ട് കണ്ടിട്ട് രണ്ടുവർഷമായി, വല്ലപ്പോഴും വന്നു പോകുന്ന സെറ്റപ്പ് ആണ് എന്നായിരുന്നു മറുപടി. പുള്ളിക്ക് നല്ല തിരക്കാണ്.

പുള്ളി പിള്ളേർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞിട്ടാണ് ഡബ്സ്മാഷ് ചെയ്തത്. പ്രമോഷന് വേണ്ടി ചെയ്ത ഒരു സാധനം അല്ല. സിനിമയിൽ കൂടുതൽ അഭിനയിച്ചിട്ടുള്ളത് യൂത്ത് ആയിട്ടുള്ളവരല്ലേ എന്ന് വിചാരിച്ചിട്ട് ഡബ്സ്മാഷ് ചെയ്തതാണ്. അതിൽ ഞങ്ങൾ നല്ല ഹാപ്പി ആയി. നേരിട്ട് പടം കണ്ടിട്ടില്ല എന്ന് തോന്നുന്നു,’ ശ്യാം മോഹൻ പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.

കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ റിലീസായിരുന്നു. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു തെലുങ്ക് ഡബ്ബിങ് റൈറ്റ്സ് വാങ്ങിയിരുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രമാണ് ഗിരീഷിന്റെതായി ബോക്‌സ് ഓഫീസില്‍ വിജയമാവുന്നത്.

Content Highlight: Shyam mohan about fahad fasil’s reel