ദേവരാഗം 2.0പാട്ട് ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ശ്യാം മോഹൻ. സ്ക്രിപ്റ്റിലെ ഒരു സ്ഥലത്ത് ദേവരാഗത്തിലെ പാട്ടെന്ന് എഴുതി വെച്ചിട്ടുണ്ടെന്നായിരുന്നും അതിലെ തമാശ ഉണ്ടായത് ഷൂട്ടിന്റെ സമയത്താണെന്നും ശ്യാം മോഹൻ പറഞ്ഞു. ഡാൻസിന്റെ റിഹേഴ്സൽ കാണാൻ നെസ്‌ലെനും സംഗീതും ഉണ്ടായിരുന്നെന്നും തങ്ങളുടെ സ്റ്റെപ്പ് കണ്ടിട്ടാണ് അവർ ആ രാത്രി ഇരുന്ന് വർക്ക് ഔട്ട് ചെയ്തതെന്നും ശ്യാം കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സ്ക്രിപ്റ്റിൽ ഒരു സ്ഥലത്ത് ദേവരാഗത്തിലെ പാട്ട് എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. തമാശ രീതിയിൽ ചിത്രീകരിക്കണം എന്നുള്ള മൈൻഡിൽ ആയിരിക്കണം. കൂടുതൽ അതിലെ തമാശ ഉണ്ടായത് ഷൂട്ടിന്റെ സമയത്താണ്. കുറെ ഇമ്പ്രവൈസേഷനും ഒരുപാട് മാറ്റങ്ങളൊക്കെ ആ സമയത്ത് സംഭവിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഡാൻസിന്റെ റിഹേഴ്സൽ കാണാൻ നെസ്‌ലെനും സംഗീതും ഉണ്ടായിരുന്നു. ഞാൻ വന്നിട്ട് തലയാട്ടുന്ന രംഗം ഉണ്ടല്ലോ, ആ സ്റ്റെപ്പ് ഒക്കെ അവർ അവിടെ ഇരുന്നു നോട്ടീസ് ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ട് അതിനുള്ള റിയാക്ഷൻ ആ രാത്രി അവിടെ ഇരുന്ന് വർക്കൗട്ട് ചെയ്തതാണ്. അങ്ങനെയാണ് ഈ സംഭവം ഇത്രയും ഇന്ററസ്റ്റിങ് ആയിട്ട് വന്നത്.
അവരത് കൊടുത്തപ്പോൾ എനിക്ക് കുറച്ചു കൂടി ചെയ്യണം എന്ന് തോന്നി. ഞാൻ പിന്നെ പുരികം വെച്ചുള്ള സാധനം ചെയ്തു. ദേവരാഗത്തിൽ മാത്രമല്ല പടത്തിൽ ഒരുപാട് സ്ഥലത്ത് ഇമ്പ്രവൈസേഷൻ നടത്തിയിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ഒരു കെമിസ്ട്രി കൂടെ ആയിരിക്കാം,’ ശ്യാം മോഹൻ പറഞ്ഞു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ റോം കോം എന്റർടൈനറാണ്.
കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ മാർച്ച് എട്ടിന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു.എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് റിലീസായിരിക്കുന്നത്. ചിത്രം തമിഴിലേക്കും ഡബ്ബിങ്ങിന് ഒരുങ്ങുകയാണ്.
Content Highlight: Shyam mohan about devaragam song’s rehearsal