പ്രേമലു സിനിമയിൽ പ്രതിമ വീഴുന്ന സീൻ ഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. തന്റെ മുഖത്തേക്ക് പ്രതിമ വീഴുന്നതെടുക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നെന്നും അതിന് നല്ല ഭാരമുണ്ടായിരുന്നെന്നും ശ്യാം മോഹൻ പറഞ്ഞു.
ആർട്ടിന്റെ ആളുകൾ പ്രതിമ കയറിട്ട് പിടിച്ചോളാമെന്ന് പറഞ്ഞെന്നും എന്നാൽ ഗിരീഷിന് അത് നല്ല പേടിയായിരുന്നെന്നും ശ്യാം കൂട്ടിച്ചേർത്തു. അതിന് ശേഷം കുറച്ച് വി.എഫ്.എക്സ് പരിപാടിയൊക്കെ പിടിച്ചിട്ടാണ് ചെയ്തതെന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ആ പ്രതിമ വീഴുന്ന സംഭവമൊക്കെ എടുക്കാൻ കുറച്ച് റിസ്ക് ആയിരുന്നു. നല്ല വെയിറ്റ് ഉള്ള പ്രതിമയാണത്. പ്രതിമ കറക്റ്റ് ആയിട്ട് വീഴണം. ആർട്ടിന്റെ ആൾക്കാരൊക്കെ പറഞ്ഞു ഞങ്ങൾ കയറിട്ട് പിടിച്ചോളാം എന്ന്. അപ്പോൾ കറക്റ്റ് മുഖത്തേക്ക് വരുന്ന രീതിയിൽ ഇവിടെ നിർത്താം എന്നൊക്കെ പറഞ്ഞു.
പക്ഷേ ഗിരീഷേട്ടന് ഭയങ്കര ടെൻഷനായിരുന്നു. അവന്റെ മുഖത്ത് വീഴും, ശരിയാവില്ല എന്ന് ഗിരീഷേട്ടൻ പറഞ്ഞു. എന്നിട്ട് നമ്മൾ കുറച്ച് വി.എഫ്.എക്സ് പരിപാടിയൊക്കെ പിടിച്ചിട്ടാണ് ചെയ്തത്. പക്ഷേ അത് വർക്ക് ആയി. നല്ല വെയിലുള്ള സമയത്താണ് തറയിൽ കിടന്ന് നെരങ്ങിയതും പൊങ്ങിയതും,’ ശ്യാം മോഹൻ പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.
മലയാളത്തില്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു. സിനിമ മാര്‍ച്ച് എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്തു. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്. ചിത്രം തമിഴിലേക്കും ഡബ്ബിങ്ങിന് ഒരുങ്ങുകയാണ്.
Content Highlight: Shyam mohan about a scene in premalu