| Thursday, 24th August 2017, 10:11 am

ശൈലജ രാജിവെക്കില്ല; കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കേണ്ടതില്ലെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രേഖമൂലമുള്ള ഒരു വിധിയും കോടതി നടത്തിയിട്ടില്ല. നിലവില്‍ കോടതി പരാമര്‍ശം മാത്രമാണുള്ളത് അതിന്റെ പേരില്‍ രാജി വേണ്ടെന്നും പിണറായി പറഞ്ഞു.

ബാലാവകാശ കമ്മീഷന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയതില്‍ അപാകതയൊന്നുമില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.


Dont Miss ക്രിസ്തുവിന്റെ കയ്യില്‍ കുരിശിന് പകരം എസ്.എഫ്.ഐ പതാക; വിവാദം മുറുകുന്നു


രാവിലെ തുടങ്ങിയ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുമായി നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്. മന്ത്രിയുടെ രാജിവരെ സമരം എന്നതാണ് പ്രതിപക്ഷ നിലപാട്.

നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്. സഭാ സമ്മേളനം അവസാനിക്കുന്നതിനാല്‍ സഭയ്ക്കുപുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണു തീരുമാനം

ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമര്‍ശം സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്.

കമ്മിഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നും വ്യക്തമാക്കിയിരുന്നു.

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്.

സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു.

We use cookies to give you the best possible experience. Learn more