| Friday, 6th May 2022, 5:23 pm

അമ്മയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ പരിഗണന; ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിന്റെ കാരണം എവിടെയും പറഞ്ഞിട്ടില്ല: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അമ്മയിലെ ഐ.സി.സി(internal complaints committee)യുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചതു സംബന്ധിച്ച് മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി നടി ശ്വേത മേനോന്‍. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും ശ്വേത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അമ്മയെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങള്‍ക്കെതിരെയുമെല്ലാം മോശമായി താന്‍ പറഞ്ഞു എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മീഡിയകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അമ്മ എന്ന സംഘടന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന ഇടമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

ഞാന്‍ അമ്മയുടെ ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് എഴുതിയ കത്ത് പബ്ലിക് ഡൊമെയ്നിലില്ലെന്നും അത് സംഘടനക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘വിഷയത്തില്‍ ഞാന്‍ പരാതിപെട്ടത് അനുസരിച്ചു കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കി വളരെ പെട്ടെന്ന് തന്നെ ആക്ഷന്‍ എടുത്ത് എന്നെ സപ്പോര്‍ട്ട് ചെയ്ത എറണാകുളം റൂറല്‍ എസ്.പി. കാര്‍ത്തിക്, ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സി.ഐ. ലത്തീഫ്, എസ്.ഐ. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു,’ ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജവാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലധികവും വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെന്നും ശ്വേത മേനോന്‍ അറിയിച്ചു.

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും നേരത്തെ രാജിവെച്ചിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയായിരുന്നു ശ്വേത മേനോന്‍. ഇ മെയില്‍ വഴിയായായിരുന്നു ഇരുവരും അമ്മ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരുന്നത്.

CONTENT HIGHLIGHTS: Swetha Menon says reason for his resignation from the AMMA Internal Committee is not mentioned anywhere  

We use cookies to give you the best possible experience. Learn more