നിങ്ങള്‍ സഞ്ജീവിനെ സ്‌നേഹിക്കുന്നുണ്ടെന്നറിയാം, ഈ ഘട്ടത്തില്‍ നിങ്ങളുടെ അടിയുറച്ച പിന്തുണ ആവശ്യമാണ്: മലയാളികളില്‍ നിന്നും പിന്തുണ തേടി ശ്വേത ഭട്ട്
national news
നിങ്ങള്‍ സഞ്ജീവിനെ സ്‌നേഹിക്കുന്നുണ്ടെന്നറിയാം, ഈ ഘട്ടത്തില്‍ നിങ്ങളുടെ അടിയുറച്ച പിന്തുണ ആവശ്യമാണ്: മലയാളികളില്‍ നിന്നും പിന്തുണ തേടി ശ്വേത ഭട്ട്
സൗമ്യ ആര്‍. കൃഷ്ണ
Friday, 21st June 2019, 8:03 pm

കോഴിക്കോട്: സഞ്ജീവ് ഭട്ടിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന മലയാളികളില്‍ നിന്നും പിന്തുണ തേടി ഭാര്യ ശ്വേതാഭട്ട്. സഞ്ജീവ് ഭട്ടിനെ തിരിച്ചു കൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. അതിനായി ഈ ഘട്ടത്തില്‍ എല്ലാതരം പിന്തുണയും തങ്ങള്‍ക്ക് ആവശ്യമാണ്. ഇക്കാര്യത്തില്‍ കേരളത്തിലുള്ളവര്‍ക്ക് എന്ത് സഹായം ചെയ്യാനാവുമെന്ന് അറിയില്ല. പക്ഷെ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്വേതാ ഭട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”കേരളത്തിലെ ജനങ്ങള്‍ സഞ്ജീവിനെ സ്‌നേഹിക്കുന്നുണ്ട് എന്നെനിക്ക് ഉറപ്പാണ്. ഇന്നലെ വിധി കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. വളരെയധികം നിരാശയിലാണ്.

ഈ സമയത്ത് സാമ്പത്തിക പിന്തുണ ലഭിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ ഞങ്ങള്‍ക്ക് പിന്തുണയും വേണം. ഒരോ ഇന്ത്യക്കാരുടെയും പിന്തുണ പ്രധാനമാണ്. ജനപിന്തുണയാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രയോജനകരമാവുക.

നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നെനിക്ക് അറിയില്ല, ഇന്റര്‍നെറ്റിലൂടെ കാര്യങ്ങളെ ആളുകളെ അറിയിക്കുകയോ ആളുകളെ സംഘടിപ്പിക്കുകയോ മാര്‍ച്ച് സംഘടിപ്പിക്കുകയോ ഒക്കെ ചെയ്യാം നിങ്ങളെ കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്യണം. തെറ്റായ കാര്യത്തിനാണ് സഞ്ജീവിനെ ജയിലിലടച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. സഞ്ജീവിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. അദ്ദേഹത്തെ പുറത്തിറക്കാന്‍ നിങ്ങളുടെ അടിയുറച്ച പിന്തുണ ആവശ്യമാണ്. തുടര്‍ച്ചയായി പ്രക്ഷോഭം വേണ്ടി വരും. ഏത് വിധത്തിലായാലും ഇക്കാര്യത്തില്‍ നിങ്ങളെന്നെ സഹായിക്കണം.” ശ്വേതാ ഭട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിലവില്‍ ശ്വേതാഭട്ടിന്റെ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതിനായി ഫേസ്ബുക്ക് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.

 

Account Holder name -SHEWTA BHATT , ACCOUNT NUMBER -09711000012211, HDFC BANK
VATVA BRANCH
IFSC CODE -HDFC0000971

 

ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവിനെ കോടതി ശിക്ഷിച്ചതെന്നും കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന പ്രഭുദാസിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് രേഖകളില്‍ സാക്ഷ്യപ്പെടുത്തിയതാണെന്നും ശ്വേത വ്യക്തമാക്കിയിരുന്നു.

പ്രഭുദാസിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ശ്വേത ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം തടവിന് ആസ്പദമായ കേസിന്റെ വിശദാംശങ്ങളും ശ്വേത ഫേസ്ബുക്കില്‍ പങ്കുവെച്ചു.

 

ശ്വേതാ സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

1990 ഒക്്‌ടോബര്‍ 24ന് , അദ്വാനിയുടെ രഥയാത്രയും ബിഹാറില്‍ അദ്ദേഹം അറസ്റ്റ് നേരിട്ടതിനെയും തുടര്‍ന്ന് ജാംനഗറിലെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടായി. സഞ്ജീവ് ഭട്ട് ആ സമയത്ത് ജാംനഗര്‍ റൂറലില്‍ എ.എസ്.പിയായിരുന്നു. ജാംനഗറില്‍ അന്ന്് സിറ്റി, റൂറല്‍, ഖംഭാലിയ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ടായിരുന്നു. ഖംഭാലിയ ഡിവൈഎസ്പി ലീവായിരുന്നതിനാല്‍ സഞ്ജീവിനായിരുന്നു ഒക്്‌ടോബര്‍ 16ന് ആ ഡിവിഷന്റെ അഡീഷനല്‍ ചാര്‍ജ്. 24ന് ജാംനഗര്‍ ജില്ലയില്‍ വര്‍ഗീയ കലാപം പൊട്ടി്പ്പുറപ്പെട്ടു. ജാംനഗര്‍ സിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രവീണ്‍ ഗോണ്ടിയ ഐപിഎസ് അന്നേ ദിവസം ലീവായതിനാല്‍ ആ ഡിവിഷന്റെ ചുമതലയും സഞ്ജീവിന് കൈമാറി. അതിനര്‍ത്ഥം, ജാംനഗര്‍ ജില്ലയുടെ മുഴുവന്‍ ചുമതലയും സഞ്ജീവിന്റെ ചുമലിലായി.

ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യം മുഴുവന്‍ കലാപത്തിന് സാധ്യതയുണ്ടായിരുന്നതിനാല്‍, അത്തരം സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയായിരുന്നു. ജാംനഗറില്‍ അന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. കളക്ടര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാല്‍, അതിന് മുമ്പ് തന്നെ ജാംനഗറില്‍ കൊള്ളയും കൊള്ളിവെയ്പും ആരംഭിച്ചു കഴിഞ്ഞിരുന്നു. ജാംഝോദ്പൂരില്‍ ന്യൂനപക്ഷങ്ങളുടെ കടകളും വീടുകളും തീവെക്കുകയും സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.

കര്‍ഫ്യൂ ശക്തമാക്കി സമാധാനം സ്ഥാപിക്കുകയായിരുന്നു സഞ്ജീവിന്റെ പ്രഥമ കര്‍ത്തവ്യം. ജാംഝോദ്പൂര്‍ സ്റ്റേഷനില്‍ 133 പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരത്തിനനുസരിച്ച് അന്നേ ദിവസം ഉച്ചക്ക് 1.30ന് സഞ്ജീവ് അവിടെയെത്തി.

അറസ്റ്റിലായവരില്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രഭൂദാസ് മാധവ്ജി വൈഷ്‌നാനിയുമുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് സിഐ കെഎന്‍ പട്ടേല്‍, എസ്‌ഐ താക്കൂര്‍, മഹാശങ്കര്‍ ജോഷി എന്നിവരടങ്ങിയ സംഘമാണ്. ഇവരെ അറസ്റ്റ ചെയ്യുന് സമയത്ത് സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.

സഞജീവ് ഭട്ടിന്റെയോ അദ്ദേഹത്തിന്റെ സംഘാംഗങ്ങളുടെയോ കസ്റ്റഡയില്‍ ഒരിക്കലും ഈ 133 പേരുണ്ടായിരുന്നില്ല. വിഎച്ച്പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷനാനി സഞ്ജീവിനെതിരെ തെറ്റായ പരാതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായവരെ ഏത്തമിടീച്ചെന്നും തുറന്ന് ഒരു ഔട്ടപോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചെന്നുമായിരുന്നു പരാതി. അറസ്റ്റിലായവരെ പിറ്റേന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ശാരീരിക മര്‍ദനത്തെ കുറിച്ച് ഒരു പരാതിയും അവരുന്നയിച്ചിരുന്നില്ല. എല്ലാവരെയും നവംബര്‍ 8 വരെ റിമാന്‍ഡ് ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടശേഷവും ശാരീരിക മര്‍ദനത്തെ കുറിച്ച് പരാതിയുണ്ടായിരുന്നില്ല

നവംബര്‍ 12ന്, പ്രഭൂദാസിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി. അപ്പോഴും പോലീസ് മര്‍ദനെത്തെ കുറിച്ച പരാതി ഡോക്ടറോട് പോലും പറഞ്ഞിട്ടില്ല. 18ന് ചികില്‍സയിലിരിക്കെ അയാള്‍ മരിച്ചു. ഫോറന്‍സിക് രേഖകള്‍ പ്രകാരവും ആശുപത്രി രേഖകള്‍ പ്രകാരവും അദ്ദേഹത്തിന് ശാരീരിക ക്ഷതമോ മര്‍ദനമോ ഏറ്റിട്ടില്ല.

പോലീസ് മര്‍ദനത്തെ കുറിച്ച പരാതി ഉയര്‍ന്നത് തന്നെ മരണത്തിന് ശേഷമാണ്. അതും വിഎച്ച്പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷ്‌നാനി ഉന്നയിച്ചത്.

സഞ്ജീവ് ജാംനഗറില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ഇരുപതാം ദിവസമാണവിടെ കലാപമുണ്ടായത്. സഞ്ജീവിനെതിരെ ഉന്നയിക്കപ്പെട്ട പരാതി രാഷ്ട്രീയ പകപോക്കല്‍ മാത്രമായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന് നവംബര്‍ ഒന്നാം തീയതി അവിശ്വാസ വോട്ട് നേരിടേണ്ടി വന്നിരുന്നു. ബിജെപിയിലെയും കോണ്‍ഗ്രസിലെയും എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തി്‌ന് ആവശ്യവുമായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ടാഡ ചുമത്തരുതെന്ന പട്ടേല്‍ സമുദായംഗങ്ങളുടെ ആവശ്യത്തിന് ചിമന്‍ഭായിക്കും ആഭ്യന്തരമന്ത്രി നരേന്ദ്ര അമീനും വഴങ്ങേണ്ടി വന്നിരുന്നു. എന്നാല്‍, സഞ്ജീവ് അത് നിരസിച്ചു.

സഞ്ജീവ് കുറ്റക്കാരനല്ലെന്ന് മേലധികാരികള്‍ക്കും ആഭ്യന്തരവകുപ്പിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സഞ്്ജീവിന് സര്‍ക്കാര്‍ നിയമസഹായം നല്‍കാന്‍ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. സഞ്ജീവിനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല.

2011 വരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അതായിരുന്നു. എന്നാല്‍,ജസ്റ്റിസ് നാനാവതി കമ്മീഷനും മേത്ത കമ്മീഷനും മുന്നില്‍ സഞ്ജീവ് മൊഴികൊടുത്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറി. എന്നാല്‍, വളരെ പെട്ടെന്ന് ഈ കേസ് കുത്തിപ്പൊക്കിയെടുത്ത് പ്രോസിക്യൂഷന്‍ ഇമ്മ്യൂണിറ്റി എടുത്തു മാറ്റി.

ഈ കേസില്‍ സാക്ഷികളായ 300 പേരില്‍ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. 91 മുതല്‍ 2012 വരെ നിശബ്ദനായിരുന്ന പരാതിക്കാരന്‍ വളരെ വേഗം സീനയിര്‍ അഭിഭാഷകരെ സമീപിച്ചു. കേസിലെ വിചാരണയില്‍ അനുകൂലികളായ സാക്ഷികളെ ഹാജരാക്കാന്‍ പോലും അനുവദിച്ചില്ല. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. റെഡ്ഢിയെ വിസ്തരിക്കണമെന്ന സഞ്ജീവിന്റെ ആവശ്യം പരിഗണിച്ച കോടതി ഡോ.റെഡ്ഢിയോട് രണ്ടര മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാവാനണ് ആവശ്യപ്പെട്ടത്. ഹൈദ്രാബാദില്‍ അദ്ദേഹത്തിന്റെ വീടെവിടെയെന്ന് പോലും അറിയില്ലായിരുന്നു. ഒരു ദിവസം പോലും നോട്ടീസില്ലാതെ അദ്ദേഹം എങ്ങനെ ഹാജരാകും. വിചാരണ പലപ്പോഴും നടത്തിയത് സഞ്ജീവിന്റെ അഭിഭാഷകര്‍ പോലുമറിയാതെയാണ്.

ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം നരഹത്യക്ക് ജീവപര്യന്തത്തിന് വിധിക്കപ്പെട്ടത്. കസ്റ്റഡിയിലായതിന് പതിനെട്ട് ദിവസം കഴിഞ്ഞ് നടന്ന ആ മരണം, ശരീരത്തിലൊരുവിധ മുറിവോ ചതവോ ഇല്ലാതെയായിരുന്നു. മര്‍ദനത്തിന്റെ ഒരുപാട് പോലും ശരീരത്തിലില്ലാതെയായിരുന്നു

രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ല. തീര്ച്ചയായും വിധി പരിശോധിച്ച് ഞങ്ങള്‍ അപ്പീലിന് പോകും. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കര്‍ത്തവ്യം നേരാം വണ്ണം നിര്‍വഹിച്ചതിന് വേട്ടയാടപ്പെടുകയാണ്.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.