ന്യൂദല്‍ഹി: സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്തിട്ട് ഒരു വര്‍ഷവും മൂന്നുമാസവുമായെന്ന് ഓര്‍മിപ്പിച്ച് ഭാര്യ ശ്വേതാ ഭട്ട്. രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ സഞ്ജീവ് നീതിക്കുവേണ്ടി പോരാടുകയാണെന്നും ശ്വേതാ ഭട്ട് പറഞ്ഞു. മകന്‍ സ്ഞ്ജീവ് ഭട്ടിനെതിയ കത്ത് പങ്കുവെച്ചു കൊണ്ടായിരുന്നു ശ്വേതാ ഭട്ടിന്റെ പ്രതികരണം.
തനിക്കും തന്റെ കുടുംബത്തിനും ഇത്തവണയും ഇരുട്ടു വീണ, സന്തോഷമില്ലാത്ത ദീപാവലിയാണെന്നും ശ്വേതാ ഭട്ട് ഫേസ് ബുക്കില്‍ പറഞ്ഞു.
ദീപാവലി നാളില്‍ വീട്ടിലില്ലാത്ത മകന്‍ ശന്തനു അച്ഛന് എഴുതിയ കത്ത് ഇവിടെ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ് മകന്റെ കത്ത് പങ്കു വെയ്ക്കുകയായിരുന്നു ശ്വേത.
സഞ്ജീവ് ഭട്ടിന് ദീപാവലി ആശംസ അറിയിച്ചുകൊണ്ട് ആരംഭിക്കുന്ന കത്തില്‍ അച്ഛന്‍ ഇല്ലാത്ത രണ്ടാമത്തെ ദീപാവലിയാണിത് എന്നു വിശദീകരിക്കുന്നത്.
‘ഇത് അച്ഛനില്ലാത്ത രണ്ടാമത്തെ ദീപാവലിയാണ്. പക്ഷെ അതൊന്നും കുഴപ്പമില്ല. അച്ഛന്‍ തിരിച്ചു വരുന്നതിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇവിടെയുണ്ട്’. കത്തില്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷവും മൂന്നു മാസവും നമ്മുടെ കുടുംബത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു. അവര്‍ നമ്മുടെ വീട്ടില്‍ കയറി എല്ലാം നശിപ്പിച്ചു, പുലര്‍ച്ചെ കയറിവന്ന് നിങ്ങളെയും കൊണ്ടു പോയി എന്നും ശാന്തനു കത്തില്‍ വിശദീകരിക്കുന്നു.
അവര്‍ക്ക് നമ്മളെ മുറിവേല്‍പ്പിക്കാന്‍ സാധിച്ചേക്കും, ആകുലപ്പെടുത്താന്‍ സാധിച്ചേക്കും, അവര്‍ ചിലപ്പോള്‍ വിജയിച്ചിരിക്കാം, പക്ഷെ ഒന്നുണ്ട്, അവര്‍ക്ക് ഒരിക്കലും നമ്മളെ പിരിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു.
ഇത് നിങ്ങളെ കുറിച്ച് മാത്രമല്ല, സത്യത്തിലും സത്യസന്ധതയിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. നല്ല നാളെയ്ക്കായി അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, അഭ്യസ്ത വിദ്യരല്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ചൊല്‍പ്പടിക്കൊത്ത് പ്രവര്‍ത്തിക്കാത്ത ഓരോ പോലീസുകാരനെയും കുറിച്ചാണ്. ഒരു മികച്ച ഇന്ത്യയ്ക്കു വേണ്ടിയുള്ള പോരാട്ടം കൂടിയാണിതെന്നും മകന്‍ കത്തില്‍ പറയുന്നു.
1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിനേയും സാലയേയും ജീവപര്യന്തം തടവിനുശിക്ഷിച്ചത്.
ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് പ്രതികരിച്ച വ്യക്തിയായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സഞ്ജീവ് സാക്ഷി പറയുകയും ചെയ്തിരുന്നു.