വാക്സിൻ നിർമാണ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം അടച്ചു പൂട്ടി; വിമർശിച്ച് ജയറാം രമേശ്
NATIONALNEWS
വാക്സിൻ നിർമാണ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം അടച്ചു പൂട്ടി; വിമർശിച്ച് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 3:11 pm

ന്യൂദൽഹി: വാക്സിൻ നിർമിക്കുന്ന പൊതു മേഖല സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. രാജ്യത്തിന്റെ നിലവാരത്തകർച്ചയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിയോയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മുൻപന്തിയിലായിരുന്ന ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ബി.ബി.സി.ഒ.എൽ ഫാക്ടറി 2022 ഡിസംബറിന് ശേഷം ഒരു വാക്‌സിൻ പോലും നിർമ്മിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഓറൽ പോളിയോ വാക്സിനുകളുടെ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈ എടുത്ത് 1980-കളുടെ അവസാനത്തിൽ യു.പിയിലെ ബുലന്ദ്ഷഹറിൽ ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് കോർപ്പറേഷൻ രൂപീകരിച്ചു. എന്നാൽ ഇന്ന് ഈ സ്ഥാപനം ജൈവികമല്ലാത്ത പ്രധാനമന്ത്രിയുടെ കീഴിൽ നശിച്ചു കൊണ്ടിരിക്കുന്നു,’ ജയറാം രമേശ് പറഞ്ഞു.

2022 മുതൽ സ്ഥാപനം അടച്ചുപൂട്ടിയെന്നും അവിടെ ജോലി എടുത്തിരുന്ന നിരവധി തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും അവർക്ക് ഒരു വർഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൊതുമേഖലയിലുൾപ്പെടെ ശക്തമായ ആഭ്യന്തര ഉത്പാദന ശേഷി ഇന്ത്യയ്ക്ക് ആവശ്യമാണെന്നതിൻ്റെ തെളിവാണ് കൊവിഡ്-19 പാൻഡെമിക്. അന്ന് ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് കോർപ്പറേഷൻ പുനരുജ്ജീവിപ്പിക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടു പോലും അതിനൊന്നും ആരും ശ്രമിച്ചിട്ടില്ല.

ജൈവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുലന്ദ്ഷഹർ സന്ദർശിച്ചിരുന്നു, പക്ഷേ പ്ലാൻ്റ് പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല,’ ജയറാം രമേശ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തെ പൂർണമായും തടയാമായിരുന്നെന്നും എന്നാൽ ഇത്തരം സ്ഥാപനങ്ങളോട് കാണിക്കുന്ന അവഗണന അതിന്റെ തീവ്രത കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Shutting down vaccine PSUs will erode capabilities further, says Congress