| Tuesday, 14th August 2012, 4:28 pm

ഷുക്കൂര്‍ വധം: ടി.വി. രാജേഷ് എം.എല്‍.എ. യുടെ ജാമ്യാപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ.യുടെ ജാമ്യാപേക്ഷ തള്ളി. ഇന്നലെയാണ് ടി.വി. രാജേഷ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ 39 ാം പ്രതിയാണ് രാജേഷ്.[]

ഷുക്കൂര്‍ വധക്കേസില്‍ രാജേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു രാജേഷിന്റെ കീഴടങ്ങല്‍.

ഈ മാസം 27 വരെ രാജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഷുക്കൂറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് തടഞ്ഞില്ലെന്ന കുറ്റമാണ് രാജേഷിനെതിരെയുള്ളത്.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍, ഡി.വൈ.എഫ്.ഐ നേതാവ് എ.എന്‍ ഷംസീര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് രാജേഷ് കോടതിയില്‍ കീഴടങ്ങിയത്.

നേരത്തെ കേസിലെ 38ാം പ്രതിയായ സി.പി.ഐ.എം കണ്ണൂര്‍  ജില്ലാ സെക്രട്ടറി പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയരാജന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളുകയായിരുന്നു.

സി.പി.ഐ.എം നേതാക്കള്‍ക്കെതിരായ കള്ളക്കേസുകളെ നിയമപരമായി നേരിടുമെന്നും കണ്ണൂര്‍ ജയില്‍ സി.പി.ഐ.എം നേതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നുമായിരുന്നു കീഴടങ്ങുമ്പോള്‍ രാജേഷ് പറഞ്ഞത്.

സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.

We use cookies to give you the best possible experience. Learn more