| Thursday, 16th May 2019, 4:30 pm

സാബിത്ത് കേസില്‍ പൊലീസിന്റെ വീഴ്ചയാണ് ആര്‍.എസ്.എസുകാരായ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്: അഡ്വ. ഷുക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ പ്രതികളെ വെറുതെ വിടാന്‍ കാരണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് അഡ്വ. ഷുക്കൂര്‍. സാബിത്ത് കേസുള്‍പ്പെടെ കാസര്‍കോട്ടെ വര്‍ഗീയ കൊലപാതകങ്ങളില്‍ പ്രതികളെ വെറുതെ വിടാനുള്ള സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അഡ്വ. ഷുക്കൂര്‍

ഒരു കേസ് ജയിക്കണമെങ്കില്‍ നാല് ഘടകങ്ങള്‍ ഒത്തുവരണം. ആദ്യത്തേത് പൊലീസ്, രണ്ടാമത്തേത് കേസിലെ സാക്ഷികള്‍, മൂന്നാമത്തേത് പ്രോസിക്യൂഷന്‍, നാലാമത്തേത് ജഡ്ജി. ഈ നാലെണ്ണവും ഒരുപോലെ ഒത്തുവന്നാല്‍ മാത്രമേ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടൂ. ഇവിടെ പൊലീസിന്റെ ഭാഗത്ത് വീഴ്ച വന്നു. സാക്ഷികളുടെ മൊഴിയെടുക്കുന്നതില്‍, രേഖകള്‍ ഹാജരാക്കുന്നതില്‍. പ്രോസിക്യൂഷന്‍ 16 രേഖകള്‍ അഡീഷണലായി ഹാജരാക്കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കേണ്ടി വന്നു. പൊലീസെടുത്ത മൊഴിയും രണ്ടാമതെടുത്ത മൊഴിയും രണ്ടും രണ്ടായാണ് വന്നതെന്നും ഷൂക്കൂര്‍ വക്കീല്‍ പറയുന്നു.

സാബിത്തും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുന്ന സമയത്ത് പകല്‍ 11.30 മണിക്കാണ് ഇവരെ വെട്ടിക്കൊല്ലുന്നത്. സംഭവം കണ്ട റഹീസിന് പരുക്കുപറ്റിയിട്ടുണ്ട്. അയാളുടെ മൊഴി പോലും വിശ്വസിക്കാവുന്ന തരത്തിലല്ലയെന്നാണ് കോടതിയുടെ നിഗമനം. ഒരാള് കൊല്ലുന്ന കാണുകയും രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ അയാളുടെ മൊഴി കോടതി വിശ്വസിച്ചില്ല. വിശ്വസിക്കാവുന്ന രീതിയിലേക്ക് തെളിവുകള്‍ ഹാജരാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനാണെന്നും ഷുക്കൂര്‍ വിശദീകരിക്കുന്നു.

‘പ്രോസിക്യൂഷന്‍ നന്നായി ചെയ്തു, പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നാണ് ജഡ്ജി പറഞ്ഞത്. കാസര്‍കോടിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. മുസ്‌ലിം സമൂഹത്തിന് നീതി കിട്ടുന്നില്ലയെന്നൊരു തോന്നലുണ്ടാക്കും. അത് വര്‍ത്തമാന സാഹചര്യത്തില്‍ നാടിന് ഗുണകരമല്ല.’ എന്നും അദ്ദേഹം പറഞ്ഞു.

2013 ജൂലൈ ഏഴിന് പകല്‍ 11.30 ഓടെ അണങ്കൂര്‍ ജെ.പി കോളനി പരിസരത്തു വെച്ച് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.

ജെ.പി കോളനിയിലെ കെ.അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17 കാരന്‍, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിംബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരാണ് പ്രതികള്‍. സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more