സിനിമ ആദ്യ ദിവസം തന്നെ കണ്ടിട്ട് പി ജയരാജന്‍ വിളിച്ച് അഭിനന്ദിച്ചു; വലിയ സന്തോഷം തോന്നി: ഷുക്കൂര്‍ വക്കീല്‍
Movie Day
സിനിമ ആദ്യ ദിവസം തന്നെ കണ്ടിട്ട് പി ജയരാജന്‍ വിളിച്ച് അഭിനന്ദിച്ചു; വലിയ സന്തോഷം തോന്നി: ഷുക്കൂര്‍ വക്കീല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th September 2022, 4:15 pm

 

ന്നാ താന്‍ കേസ് കൊട് എന്ന രതീഷ് പൊതുവാള്‍ ചിത്രം തിയറ്റര്‍ റിലീസിന് ശേഷം ഒ. ടി. ടി യിലും തകര്‍പ്പന്‍ റെക്കോഡ് നേടി മുന്നോട്ട് പോവുകയാണ്.

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിയാണ് അഡ്വ. സി. ഷുക്കുര്‍. ജീവിതത്തിലും വക്കീലായ ഷുക്കുര്‍ സിനിമയിലും വക്കീലായാണ് പെര്‍ഫോം ചെയ്തത്. മുഴുനീള കോടതി സീനുകളുള്ള സിനിമയില്‍ തകര്‍പ്പന്‍ അഭിനയമായിരുന്നു ഷുക്കൂറിന്റേത്.

സിനിമ കണ്ട ശേഷം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ തന്നെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് ഷുക്കൂര്‍ വക്കീല്‍. ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ കണ്ട ശേഷം തന്നെ വിളിച്ച് അഭിനന്ദിച്ചവരെ കുറിച്ച് ഷുക്കൂര്‍ വക്കീല്‍ പറഞ്ഞത്.

‘സിനിമ ഇറങ്ങിയ അന്ന് തന്നെ അദ്ദേഹം പോയി കണ്ടിരുന്നു. അദ്ദേഹം വലിയ സന്തോഷം പങ്കുവെച്ചു. പി . ജയരാജന്‍ വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് ഷുക്കുര്‍ പറഞ്ഞു.

ജയരാജനെ കൂടാതെ നടന്‍ ജയസൂര്യ വിളിച്ച കാര്യവും അദ്ദേഹം പറഞ്ഞു. ‘ ആദ്യം എനിക്ക് മനസ്സിലായില്ല. ജയസൂര്യ എന്ന ക്ലയിന്റ് എനിക്ക് ഇല്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. വീണ്ടും സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം മനസ്സിലായി.

ഭയങ്കര എക്സൈറ്റഡായിരുന്നു. വല്ലാത്തൊരു എനര്‍ജി തന്നൊരു വിളിയായിരുന്നു അത്. പുതിയ ആള്‍ക്കാര്‍ സിനിമയിലേക്ക് വന്ന് വളരെ പെര്‍ഫക്ടായി അഭിനയിക്കുന്നത് കാണുമ്പേള്‍ ഭയങ്കര സന്തോഷമാണ്. നിങ്ങളുടെ കൂടെയൊക്കെ അഭിനയിക്കാനുള്ള അവസരം കിട്ടുമല്ലോ. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ വലിയ ആനന്ദമാണ് കിട്ടുക അതുകൊണ്ട് വിളിച്ചതാണെന്നാണ് ജയസൂര്യ പറഞ്ഞത്.

ജയസൂര്യയെ കൂടാതെ പിന്നെ വിളിച്ച പ്രധാനപ്പെട്ട വ്യക്തിയാണ് ഷഹബാസ് അമന്‍. അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടെനിക്ക്. വക്കീല്‍ ഈ സിനിമയിലുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ഒന്നോ രണ്ടോ സീനില്‍ കോടതിയിലിരിക്കുന്ന ഒരാളായിട്ടാകും എത്തുക എന്നാണ് കരുതിയതെന്നാണ് ഷഹബാസ് പറഞ്ഞത്.

ഹൈക്കോടതി ജഡ്ജിമാര്‍, ജില്ലാ ജഡ്ജിമാര്‍ തുടങ്ങി കോടതിയിലുണ്ടായിരുന്നവര്‍ വിളിച്ചിട്ട് പറഞ്ഞത് കോടതിയില്‍ എന്താണോ ഷുക്കൂര്‍ സാധാരണ ചെയ്യുന്നത് അത് തന്നെയാണ് സിനിമയിലും ചെയ്തത് എന്നാണ്. ഇത്തരത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഒരുപാട് വിളിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

Content Highlight: Shukkoor vakkeel nna than case kodu movie p jayarajan