| Monday, 6th March 2023, 6:24 pm

പരാമര്‍ശങ്ങളോട് ചിലത് പറയാനുണ്ട്; വീണ്ടും വിവാഹം ചെയ്യുന്നതിനെതിരെയുള്ള കമന്റുകള്‍ക്ക് മറുപടിയുമായി ഷുക്കൂര്‍ വക്കീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: പങ്കാളിയെ വീണ്ടും വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചതിന് പിന്നാലെയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി ഷുക്കൂര്‍ വക്കീല്‍. ‘ഇന്നലത്തെ പോസ്റ്റിന് വന്ന ചില പരാമര്‍ശങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന കമന്റോട് കൂടി ഫേസ്ബുക്കിലൂടെയാണ് തനിക്ക് വന്ന കമന്റുകളോട് ഷുക്കൂര്‍ വക്കീല്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം താനും പങ്കാളിയുമായ ഷീനയും വീണ്ടും വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെ വന്ന കമന്റുകള്‍ക്കാണ് ഷുക്കൂര്‍ വക്കീല്‍ മറുപടി നല്‍കിയത്.

1954ല്‍ പാര്‍ലമെന്റ് അംഗീകരിച്ച സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണെന്ന് പറഞ്ഞതിനെതിരെ വന്ന സംശയങ്ങള്‍ അസ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു.

‘ സ്‌പെഷ്യല്‍ മാരേജ് ആക്ട് 15 പ്രകാരം, രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹ മോചനം ചെയ്യേണ്ട ആവശ്യമില്ല. ഇതില്‍ മൂന്ന് കണ്ടീഷന്‍സ് ആണ് പറയുന്നത്.

നേരത്തെ ആചാരപ്രകാരം വിവാഹം ചെയ്ത ആളുകള്‍ക്ക് 21 വയസ് ആ സമയത്ത് ഉണ്ടാകണം. ആ കല്യാണ ശേഷം  ഇതുവരെ ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരിക്കണം. പിന്നെ ഞങ്ങള്‍ ബുദ്ധി ഉറച്ച ആളായിരിക്കണം.

ഈ മൂന്ന് കണ്ടീഷന്‍സും ഞങ്ങള്‍ ക്വാളിഫൈ ചെയ്തിട്ടുണ്ട്. ആ അടിസ്ഥാനത്തില്‍ ഒരു മാസം മുമ്പ് ഞങ്ങള്‍ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മാസം കഴിഞ്ഞ് ഒബ്ജക്ഷന്‍ ഇല്ലാത്തത് കൊണ്ട് ഇന്‍ഷാ അല്ലാഹ്, എട്ടാം തിയതി വിവാഹം കഴിക്കാന്‍ പോകുകയാണ്,’ അദ്ദേഹം പറഞ്ഞു.

താന്‍ ശരീഅത്ത് പ്രകാരം സ്വത്ത് വാങ്ങിയ ആളല്ലേയെന്ന് ആക്ഷേപം പലയിടത്തും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ എനിക്ക് പിന്തുടര്‍ച്ചാവകാശം ലഭിച്ചത് പത്ത് വര്‍ഷം മുമ്പ് ഉമ്മ മരിച്ചപ്പോഴാണ്. ഉമ്മ മരിച്ചപ്പോള്‍ മോശമല്ലാത്ത സ്വത്ത് നമുക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ അഞ്ച് സഹോദരങ്ങളാണ്. ഞങ്ങള്‍ അഞ്ച് പേരും നമ്മുടെ ഉമ്മയുടെ സ്വത്ത് തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീണ്ടും വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നും സ്വത്ത് തുല്യമായി വീതിച്ച് കൊടുത്താല്‍ മതിയില്ലേയെന്നുമാണ് ചിലര്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചതിന് ശേഷമാണ് അനന്തരാവകാശം നല്‍കുന്നതെന്നും സ്വത്ത് മക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നതല്ലെന്നും അത് വേറൊരു രീതിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘ജീവിക്കുന്ന സമയത്ത് മക്കള്‍ക്ക് കാറ് വാങ്ങി കൊടുക്കുന്നതും, കല്യാണ സമയത്ത് നല്‍കുന്നതുമൊക്കെ ഗിഫ്റ്റ് ആണ്. മരണശേഷം ബാക്കിയുള്ളത് കൊടുക്കുന്നതാണ് അനന്തരാവകാശം.

ഞാന്‍ 26 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന വക്കീല്‍ ആണ്. എന്റെ ഫയലുകള്‍, ക്ലയന്റുകള്‍, പുസ്തകങ്ങള്‍ എന്നിവയൊക്കെ എന്റെ കാലശേഷം മക്കള്‍ക്ക് ലഭിക്കേണ്ടതാണ്. അതെനിക്ക് ഇപ്പോള്‍ ഗിഫ്റ്റായി നല്‍കാന്‍ സാധിക്കില്ല.

അതുകൊണ്ട് ആ ചോദ്യം അപ്രസക്തമാണ്. അനന്തരമെന്നത് കാലശേഷം ഉണ്ടാകേണ്ട സംഗതിയാണ്. എന്റെ കാലശേഷം സ്വത്തുക്കള്‍ പൂര്‍ണമായും എന്റെ മക്കള്‍ക്ക് ലഭിക്കണം,’ അദ്ദേഹം പറയുന്നു.

ഇത് തന്റെ മക്കള്‍ക്ക് ലഭിക്കണമെന്നത് വ്യക്തിപരമായ വിഷയം അല്ലെന്നും മുസ്‌ലിം പെണ്‍കുട്ടികളെ ബാധിക്കുന്ന വിഷയമാണെന്നും ഷുക്കൂര്‍ വക്കീല്‍ കൂട്ടിച്ചേര്‍ത്തു.

content highlight: shukkoor vakkeel about his remarraige comments on facebook

We use cookies to give you the best possible experience. Learn more