കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരിയെയും റിജില്‍ രാജിനെയുമാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കണ്ണൂരിലെ സ്‌പെഷ്യല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്.
സാക്ഷികളായ അഞ്ചുപേരോട് ഹാജരാവാന്‍ മജിസ്‌ട്രേട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നുപേര്‍ മാത്രമാണ് ഹാജരായിരുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് വി.എ ആര്‍ണണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാക്ഷികളെയെത്തിച്ചത് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണ് തിരിച്ചറിയല്‍ പരേഡിനെത്തിയത്. നേരത്തെ കൊലപാതക സംഘത്തില്‍ ആകാശ് തില്ലങ്കേറി ഇല്ലെന്ന് പറഞ്ഞിരുന്ന നൗഷാദ് തിരിച്ചറിയല്‍ പരേഡില്‍ ആകാശിനെ തിരിച്ചറിയുകയായിരുന്നു.
ആകാശിനും രജിന്‍രാജിനുമൊപ്പം മറ്റു മൂന്നു പേര്‍ കൂടി അക്രമിസംഘത്തില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവരെ ഇഥുവരെയും പിടികൂടാന്‍ പൊലീസ് സംഘത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.