കൊച്ചി: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഷുഹൈബ് വധത്തെ ഉള്‍പ്പെടുത്താനാകില്ല. യു.എ.പി.എ വകുപ്പ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന അപ്പീലിലുള്ള വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസിന്റെ അന്വേഷണം സിംഗിള്‍ ബെഞ്ച് ഒരു വര്‍ഷം മുമ്പ് സി.ബി.ഐക്ക് വിട്ടിരുന്നു. കേസിലുള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു കാണിച്ചാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്‍ വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.
കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.