കോടികള്‍ മുടക്കി വലിയ അഭിഭാഷകരെ വെച്ച് സര്‍ക്കാര്‍ സമ്പാദിച്ച വിധി ; മകനെ കൊന്നവര്‍ ഇപ്പോഴും വിലസുന്നു; നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ കുടുംബം.
നീതി കിട്ടുവരെ പോരാട്ടം തുടരുമെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി വക്കീലിനെ വെച്ച് വാദിച്ചാണ് ഇങ്ങനെയൊരു വിധി നേടിയെടുത്തത്. അതിനായി ഖജനാവില്‍ നിന്നും കോടികള്‍ മുടക്കി. കേരളത്തില്‍ വക്കീലന്‍മാര്‍ ഇല്ലാത്തതുകൊണ്ടാണല്ലോ ദല്‍ഹിയിലൊക്കെയുള്ള വക്കീലന്‍മാരെ വെച്ച് വാദിക്കുന്നത്.
ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കന്‍മാര്‍ ഉണ്ട്. സി.ബി.ഐ വന്നുകഴിഞ്ഞാല്‍ ഈ നേതാക്കന്‍മാരൊക്കെ പിടിക്കപ്പെടുമെന്ന ഭീതി കൊണ്ടാണല്ലോ സര്‍ക്കാര്‍ ഈ അന്വേഷണത്തെ എതിര്‍ക്കുന്നത്.
എന്റെ മകനെ കൊന്ന പ്രതികള്‍ ഇപ്പോഴും വിലസി നടക്കുകയാണ്. അവര്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. ഗൂഢാലോചനയില്‍ പല ഭാഗത്തുനിന്നായി പങ്കെടുത്തവര്‍ ഇനിയും ഉണ്ട്. അവര്‍ പിടിക്കപ്പെടുന്നതുവരെ ഞങ്ങള്‍ പെരാതും. സുപ്രീം കോടതിയില്‍ ചെന്നാണെങ്കില്‍ അങ്ങനെ. ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. അല്ലെങ്കില്‍ പിന്നെ സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് വഴിയില്ല.നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.
ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. സര്‍ക്കാരിന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണ്. നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ല. കേസില്‍ സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നും കോടതി പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.