| Friday, 20th October 2023, 12:20 am

മറ്റാര്‍ക്കുമില്ലാത്ത സ്‌പെഷ്യല്‍ അംഗീകാരമാണ് അവന്‍ കോളറിലണിഞ്ഞത്; ആ ബാഡ്ജിന് പിന്നിലെ രഹസ്യമെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തില്‍ വമ്പന്‍ വിജയമാണ് രോഹിത്തും സംഘവും നേടിയത്. ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം വിജയമാണിത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സിലേക്ക് കഷ്ടിച്ച് എത്തുകയായിരുന്നു. എന്നാല്‍ 41.3 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നിരുന്നു.

ഇന്ത്യക്ക് വേണ്ടി മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടായിരുന്നു രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും പടുത്തുയര്‍ത്തിയത്.

40 പന്തില്‍ 48 റണ്‍സെടുത്ത് രോഹിത്തും 55 പന്തില്‍ 53 റണ്‍സെടുത്ത് ഗില്ലും സ്‌കോര്‍ ഉയര്‍ത്തി. ഈ ലോകകപ്പിലെ ഗില്ലിന്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്. ഇതിന് പുറമെ വിരാട് കോഹ്ലി 97 പന്തില്‍ 103 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി.

എന്നാല്‍ കളിക്കിടയില്‍ കൗതുകമായത് ഗില്‍ തന്റെ സ്ലീവിന്റെ വലത് കോളറില്‍ പതിപ്പിച്ച ഒരു ഗോള്‍ഡണ്‍ ബട്ടണ്‍ ആയിരുന്നു. സമാനമായ ബട്ടണ്‍ മറ്റാര്‍ക്കും ഇല്ലാത്തതിനാല്‍ ഇതിനുപിന്നിലെ രഹസ്യമാണ് ഏറെ ആകാംക്ഷ ഉണ്ടാക്കിയത്.

സെപ്റ്റംബറിലെ ഐ.സി.സി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ ഗില്ലിനായിരുന്നു ലഭിച്ചത്. അതിനാലാണ് അദ്ദേഹം ബട്ടണ്‍ ധരിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടോപ്പ് സ്‌കോററായിരുന്നു ഗില്‍.

ലോകകപ്പിന് മുന്‍പ് ഓസ്ട്രേലിയക്കെതിരെ ഗില്‍ സെഞ്ച്വറിയും നേടിയിരുന്നു. പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം രണ്ട് തവണ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ഗില്‍ തന്നെ.

ലോകകപ്പില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് കളികള്‍ നഷ്ടമായ താരത്തിന് പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബംഗ്ലാദേശിനെതിരായ വിജയത്തോടെ ഇന്ത്യ കളിച്ച നാല് കളിയിലും തോല്‍വിയറിയാതെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്റ് ഉയര്‍ന്ന റണ്‍ റേറ്റായ 1.923ഓടെ ഒന്നാം സ്ഥാനത്തും തുടരുകയാണ്.

Content Highlight: Shubman Gill wears player of the month badge

Latest Stories

We use cookies to give you the best possible experience. Learn more