|

സച്ചിനെ മഷിയിട്ടുനോക്കിയാല്‍ കാണാനില്ല, രണ്ടാമന്‍ റായിഡു, വിരാട് അഞ്ചാമത്; ചരിത്രമെഴുതി ശുഭ്മന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചുകയറിയത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു.

സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 102 പന്ത് നേരിട്ട താരം 112 റണ്‍സ് നേടി പുറത്തായി.

കരിയറിലെ 50ാം ഏകദിന മത്സരത്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതേ മത്സരത്തില്‍ തന്നെ കരിയറിലെ 2,500 ഏകദിന റണ്‍സ് എന്ന നേട്ടവും ഗില്‍ പിന്നിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനും ഗില്ലിന് സാധിച്ചു. 53ാം ഇന്നിങ്‌സില്‍ ഈ റെക്കോഡിലെത്തിയ ഇതിഹാസ താരം ഹാഷിം അംലയുടെ പേരിലാണ് നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്.

ഇതിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും 50ാം മത്സരത്തിന് പിന്നാലെ ഗില്ലിനെ തേടിയെത്തി. ആദ്യ 50 ഏകദിനങ്ങള്‍ക്ക് ശേഷം ഏറ്റവും മികച്ച ഏകദിന ശരാശരിയുള്ള ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.

60.16 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അംബാട്ടി റായിഡുവിനാകട്ടെ 47.06 എന്ന ബാറ്റിങ് ശരാശരിയാണുള്ളത്.

ആദ്യ 50 ഏകദിനങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബാറ്റിങ് ശരാശരി

(താരം – ആവറേജ് എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – 60.16

അംബാട്ടി റായിഡു – 47.06

ശ്രേയസ് അയ്യര്‍ – 46.53

കെ.എല്‍. രാഹുല്‍ – 46.31

വിരാട് കോഹ്‌ലി – 44.63

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഗില്‍ 102 പന്തില്‍ 112 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 64 പന്തില്‍ 78 റണ്‍സും വിരാട് 55 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി.

29 പന്തില്‍ 40 റണ്‍സടിച്ച കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. മാര്‍ക് വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാഖിബ് മഹ്‌മൂദ്, ഗസ് ആറ്റ്കിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ ഇന്ത്യന്‍ താരങ്ങളെയും പവലിയനിലേക്ക് മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നിട്ടും ആദ്യ നാല് ബാറ്റര്‍മാരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിട്ടും ഇംഗ്ലണ്ടിന് വിജയം സ്വപ്നം മാത്രമായി അവശേഷിച്ചു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കാനോ ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.

ഒടുവില്‍ 34.2 ഓവറില്‍ ഇംഗ്ലണ്ട് 214ന് പുറത്തായി.

ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Shubman Gill tops the list of highest batting average by Indians after first 50 ODI innings

Latest Stories

Video Stories