| Monday, 29th May 2023, 10:21 pm

സഞ്ജുവിന്റെ വലം കൈ വീണു; റെക്കോഡിന് പത്ത് റണ്‍സകലെ കാലിടറി ബേബി ഗോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഫൈനല്‍ മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഐ.പി.എല്‍ ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.

സായ് സുദര്‍ശന്റെ വെടിക്കെട്ടും വൃദ്ധിമാന്‍ സാഹയുടെ അര്‍ധ സെഞ്ച്വറിയുമാണ് ടൈറ്റന്‍സിനെ പടുകൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. സായ് സുദര്‍ശന്‍ 47 പന്തില്‍ നിന്നും 96 റണ്‍സ് നേടിയപ്പോള്‍ സാഹ 39 പന്തില്‍ നിന്നും 54 റണ്‍സ് നേടി പുറത്തായി.

20 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 39 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും സ്‌കോറിങ്ങില്‍ കരുത്തായി.

ഗില്ലിന്റെ ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്ലിനെ തേടിയെത്തിയിരുന്നു. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരം എന്ന നേട്ടമാണ് ഗില്ലിനെ തേടിയെത്തിയത്.

ഫൈനലിന് മുമ്പ് 851 റണ്‍സായിരുന്നു ഗില്ലിന്റെ പേരിലുണ്ടായിരുന്നത്. സൂപ്പര്‍ കിങ്‌സ് ബൗളര്‍മാര്‍ക്കെതിരെ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറിയടിച്ചുകൂട്ടിയതോടെ 890 എന്ന സ്‌കോറിലേക്കാണ് ഗില്‍ എത്തിയത്.

ഒരു സീസണില്‍ 900 റണ്‍സ് എന്ന മാജിക്കല്‍ നമ്പറിലേക്ക് എത്താന്‍ ഗില്ലിന് സാധിക്കാതെ പോയിരുന്നു. പത്ത് റണ്‍സകലെ ഗില്‍ കാലിടറി വീഴുമ്പോള്‍ 900 റണ്‍സ് മാര്‍ക് പിന്നിടുന്ന രണ്ടാമത് മാത്രം താരം എന്ന റെക്കോഡാണ് ഗില്ലിന്റെ കയ്യകലത്ത് നിന്നും വഴുതി മാറിയത്.

വിരാട് കോഹ്‌ലിയുടെ 973 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് സാധിക്കുമെന്ന് പല ക്രിക്കറ്റ് അനലിസ്റ്റുകളും വിലയിരുത്തിയെങ്കിലും ബേബി ഗോട്ടിന് ഗോട്ടിനെ മറികടക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

വിരാടിനെ മറികടക്കാന്‍ ഗില്ലിന് സാധിച്ചില്ലെങ്കിലും മറ്റൊരു ഫ്യൂച്ചര്‍ ലെജന്‍ഡിനെ മറികടക്കാന്‍ ഗില്ലിനായിരുന്നു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് വിന്നറായ ജോസ് ബട്‌ലറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്.

കഴിഞ്ഞ സീസണില്‍ നാല് സെഞ്ച്വറിയുമായി വിരാടിന് പുറകില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബട്‌ലറിനെ മൂന്നാം സ്ഥാനത്തേക്ക് പടിയിറക്കിവിട്ടാണ് ഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

17 മത്സരത്തില്‍ നിന്നും നാല് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി 863 റസാണ് കഴിഞ്ഞ സീസണില്‍ ബട്‌ലര്‍ സ്വന്തമാക്കിയത്. 57.53 എന്ന ശരാശരിയിലും 149.05 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ബട്‌ലര്‍ റണ്‍സ് അടിച്ചുകൂട്ടിയത്.

Content Highlight: Shubman Gill surpasses Jos Buttler in the list of most runs scored in a season

We use cookies to give you the best possible experience. Learn more