ഇതിഹാസത്തെ മറികടക്കുമ്പോള്‍ അത് മിനിമം ലോകകപ്പിലെങ്കിലും വേണം; ഹാഷിം അംലയെ വെട്ടി ഗില്‍
icc world cup
ഇതിഹാസത്തെ മറികടക്കുമ്പോള്‍ അത് മിനിമം ലോകകപ്പിലെങ്കിലും വേണം; ഹാഷിം അംലയെ വെട്ടി ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd October 2023, 7:55 pm

ലോകകപ്പിലെ ഇന്ത്യയുടെ അഞ്ചാം മത്സരത്തില്‍ കരിയര്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കി യുവതാരം ശുഭ്മന്‍ ഗില്‍. ഏകദിനത്തിലെ 2,000 റണ്‍സ് എന്ന നാഴികക്കല്ലാണ് ഗില്‍ നേടിയത്.

കരിയറിലെ 38ാം മത്സരത്തിലാണ് ഗില്‍ 2,000 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തിന് മുമ്പ് 1,986 റണ്‍സായിരുന്നു ഗില്ലിന്റെ പേരിലുണ്ടായിരുന്നത്.

ധര്‍മശാലയില്‍ 14 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഗില്ലിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ഒരു മികച്ച കവര്‍ ഡ്രൈവിലൂടെയാണ് ഗില്‍ 2,000 റണ്‍സ് മാര്‍ക് പിന്നിട്ടത്.

ക്രിക്കറ്റ് ഇതിഹാസം ഹാഷിം അലയെ മറികടന്നുകൊണ്ടാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2011ല്‍ തന്റെ 40ാം ഏകദിനത്തിലാണ് അംല 2,000 ഏകദിന റണ്‍സ് പിന്നിട്ടത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് സ്വന്തമാക്കുന്ന താരങ്ങള്‍

(താരം – രാജ്യം – 2,000 റണ്‍സ് പൂര്‍ത്തിയാക്കാനെടുത്ത ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 38

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 40

സഹീര്‍ അബ്ബാസ് – പാകിസ്ഥാന്‍ – 45

കെവിന്‍ പീറ്റേഴ്‌സണ്‍ – ഇംഗ്ലണ്ട് – 45

ബാബര്‍ അസം – പാകിസ്ഥാന്‍ – 45

റാസി വാന്‍ ഡെര്‍ ഡസന്‍ – സൗത്ത് ആഫ്രിക്ക – 45

ഇതിനൊപ്പം വേഗത്തില്‍ 2,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും സ്വാഭാവികമായി ഗില്‍ തന്റെ പേരിലാക്കിയിരുന്നു. ശിഖര്‍ ധവാന്റെ പേരിലുള്ള റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്.

തന്റെ 48ാം ഇന്നിങ്‌സിലാണ് ധവാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2014 നവംബര്‍ ഒമ്പതിന് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് ധവാന്‍ 2,000 റണ്‍സ് മാര്‍ക് മറികടന്നത്.

റെക്കോഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ന്യൂസിലാന്‍ഡിനെതിരെ  കാര്യമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. 31 പന്തില്‍ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 26 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്.

അതേസമയം, ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യ 15.4 ഓവര്‍ പിന്നിടുമ്പോള്‍ 100 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ശുഭ്മന്‍ ഗില്ലിന് പുറമെ 40 പന്തില്‍ 46 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസനാണ് ഇരുവരെയും പുറത്താക്കിയത്.

കനത്ത മൂടല്‍മഞ്ഞ് കാരണം മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 14 പന്തില്‍ ഏഴ് റണ്‍സുമായി വിരാട് കോഹ്‌ലിയും ഒമ്പത് പന്തില്‍ 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

 

Content Highlight: Shubman Gill surpasses Hashim Amla as fastest to reach 2000 ODI runs