ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ശുബ്മാൻ ഗിൽ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള താരമാണ് ഗിൽ. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും ഏകദിന ടീമിലും പരിഗണിക്കപ്പെട്ട താരം കൂടിയാണ് അദ്ദേഹം.
ടി-20യിൽ ഇന്ത്യക്കായി അരങ്ങേറാൻ കാത്തിരിക്കുന്ന ഗില്ലിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2019ലെ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് താരം ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കുന്നത്.
എന്നാൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനായിരുന്നില്ല. അന്ന് ടീം തോറ്റ് നിൽക്കുന്ന സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി അടുത്തുവന്ന് പറഞ്ഞ കാര്യം ഓർത്തെടുക്കുകയാണ് ഇപ്പോൾ ശുഭ്മാൻ ഗിൽ. അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം വെച്ച് നോക്കുമ്പോൾ തന്റേത് എത്രയോ മികച്ചാതാണെന്നാണ് ധോണി പറഞ്ഞതെന്ന് ഗിൽ പറഞ്ഞു.
ധോണിയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യ 15 റൺസിൽ നിൽക്കുമ്പോഴാണ് പുറത്താവുന്നതെന്നും ഒമ്പത് റൺസ് മാത്രമെടുത്ത് പുറത്തായ ധോണിയിൽ അത് വലിയ നിരാശയുണ്ടാക്കിയെന്നും അദ്ദേഹം തന്നോട് പറഞ്ഞെന്നും ഗിൽ കൂട്ടിച്ചേർത്തു. അന്ന് 19 വയസായിരുന്നു ധോണിയുടെ പ്രായമെന്നും ഗിൽ പറഞ്ഞു.
‘മഹിഭായി എന്റെ അടുത്തുവന്ന് പറഞ്ഞത് എന്റെ അരങ്ങേറ്റത്തെക്കാളും ഭേദമാണല്ലോ നിന്റേതെന്നാണ്. ഒരു പന്ത് പോലും നേരിടാതെ അരങ്ങേറ്റ മത്സരത്തിൽ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. ഇത് എന്നോട് പറഞ്ഞ് ധോണി ചിരിക്കുകയാണ് ചെയ്തത്,’ ഗിൽ വ്യക്തമാക്കി.
താൻ നിരാശപ്പെട്ടിരിക്കുന്ന സമയത്ത് ഇന്ത്യയുടെ ഇതിഹാസമായ എം.എസ്. ധോണി യാതൊരു മടിയും കൂടാതെ തന്റെ പോരായ്മകൾ പങ്കുവെച്ചത് വലിയ പ്രതീക്ഷയണ് തന്നിലുണ്ടാക്കിയതെന്നും കരിയറിൽ വളരെ പ്രചോദനമാണ് അദ്ദേഹം നൽകിയതെന്നും ഗിൽ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യ വലിയ ഭാവി കൽപ്പിക്കുന്ന താരങ്ങളിലൊരാളാണ് ഗിൽ. താരത്തിന് ടി-20യിലും മികച്ച അവസരം നൽകാനൊരുങ്ങുകയാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്. നിലവിൽ ഓപ്പണർ റോളിലാണ് ഗിൽ തിളങ്ങുന്നതെങ്കിലും വിരാട് കോഹ്ലിക്ക് ശേഷം മൂന്നാം നമ്പറിൽ തിളങ്ങാൻ കഴിവുള്ള താരമാണ് ഗിൽ എന്നാണ് വിലയിരുത്തൽ. കൂടുതൽ അവസരം നൽകിയാൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന താരമാണ് ശുബ്മാൻ ഗിൽ.