വിമർശകർക്കുള്ള മറുപടി ബാറ്റിലൂടെ; ഇംഗ്ലണ്ടിനെതിരെ ഗില്ലിന്റെ അഴിഞ്ഞാട്ടം
Cricket
വിമർശകർക്കുള്ള മറുപടി ബാറ്റിലൂടെ; ഇംഗ്ലണ്ടിനെതിരെ ഗില്ലിന്റെ അഴിഞ്ഞാട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 12:31 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. മത്സരത്തില്‍ 6.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 29 റണ്‍സില്‍ നില്‍ക്കേ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യമായി നഷ്ടമായത്. 21 പന്തില്‍ 13 റണ്‍സുമായാണ് രോഹിത് പുറത്തായത്.

8.3 ഓവറില്‍ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 27 പന്തില്‍ 17 റണ്‍സുമായാണ് ജെയ്‌സ്വാള്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ 52 പന്തില്‍ 29 റണ്‍സും രജത് പടിതാര്‍ 19 പന്തില്‍ ഒമ്പത് റണ്‍സും നേടി പുറത്തായി.

എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബാറ്റിങ് നിരയെ ശുഭ്മന്‍ ഗില്‍ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഗില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ ടെസ്റ്റിലെയും ഈ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെയും നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഗില്ലിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത് ഏറെ ശ്രേദ്ധേയമായി. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 130-4 എന്ന നിലയിലാണ്.  78 പന്തില്‍ 62 നേടി ഗില്ലും 13 പന്തില്‍ രണ്ട് റണ്‍സ് നേടി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍ ഉള്ളത്.

Content Highlight; Shubman Gill score fifty against England.