മത്സരത്തില്‍ കൂടുതല്‍ സകോര്‍ ചെയ്‌തെങ്കിലും സംതൃപ്തനല്ല; കാരണം തുറന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍
Cricket
മത്സരത്തില്‍ കൂടുതല്‍ സകോര്‍ ചെയ്‌തെങ്കിലും സംതൃപ്തനല്ല; കാരണം തുറന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th April 2023, 2:39 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചിരുന്നു. മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ശുഭ്മന്‍ ഗില്ലായിരുന്നു ഗുജറാത്തിനായി തിളങ്ങിയത്.

എന്നാല്‍ കളിയില്‍ താന്‍ തൃപ്തനല്ലെന്ന് പറഞ്ഞിരിക്കുകയാണ് ഗില്‍. ഹാഫ് സെഞ്ച്വറി തികയ്ക്കാനായെങ്കിലും താന്‍ ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്നാണ് ഗില്‍ പറഞ്ഞത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘വിശാലമായ ഗ്രൗണ്ട് ആയിരുന്നു. അവസാന ഓവറുകള്‍ ആയപ്പോള്‍ പന്തില്‍ സിക്‌സ് അടിക്കുക ബുദ്ധിമുട്ടായി തോന്നി. എന്നാല്‍ ഫീല്‍ഡര്‍മാരിലെ വിടവുകള്‍ കണ്ടെത്തി റണ്‍സ് നേടണമായിരുന്നു. ഞാന്‍ മത്സരം ഫിനിഷ് ചെയ്യണമായിരുന്നു,’ ഗില്‍ പറഞ്ഞു.

അതേസമയം, 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.

പഞ്ചാബ് കിങ്‌സ്: പ്രഭ്‌സിമ്രാന്‍ സിങ്, ശിഖര്‍ ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്‌സ, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്‍, അര്‍ഷ്ദീപ് സിങ്.

Content Highlights: Shubman Gill says he was not satisfied in the match against Punjab Kings