| Tuesday, 16th August 2022, 7:07 pm

അവര്‍ ടീമിലെടുക്കാത്തതില്‍ സന്തോഷം മാത്രം, ഇത്രയും സന്തോഷം ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല: ശുഭ്മന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇവരുള്ളതുകൊണ്ടുതന്നെ അടുത്ത ട്രാന്‍സിഷന്‍ പിരിയഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒരിഞ്ച് പോലും പുറകോട്ട് പോവില്ലെന്നുറപ്പാണ്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്തും ഏതൊരു ടീമിനെയും കൊതിപ്പിക്കുന്നതാണ്.

ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ഭാവി താരങ്ങളില്‍ ഒരാളായി വാഴ്ത്തപ്പെടുന്നത്. 2022 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായി തിളങ്ങിയ ഗില്‍ ടീമിന്റെ കിരീടനേട്ടത്തിലും പ്രധാന പങ്കായിരുന്നു വഹിച്ചത്.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു ശുഭ്മന്‍ ഗില്‍. എന്നാല്‍ 2022 മെഗാ താരലേലത്തില്‍ കെ.കെ.ആര്‍ ഗില്ലിനെ ടീമിലെടുക്കാതെ തഴഞ്ഞിരുന്നു.

എന്നാല്‍ ഗില്ലിനെക്കൊണ്ട് പലതും സാധിക്കുമെന്ന് കരുതിയ ടൈറ്റന്‍സ് ടീമിന്റെ ആദ്യ സൈനിങ്ങുകളില്‍ ഒന്നായിരുന്നു ഗില്‍. ഏഴ് കോടി രൂപയ്ക്കായിരുന്നു ഗില്ലിനെ ടൈറ്റന്‍സ് ടീമിലെത്തിച്ചത്.

ഓപ്പണര്‍മാരെ തേടി നടന്ന ഐ.പി.എല്ലിലെ കന്നിക്കാര്‍ക്ക് വീണുകിട്ടിയ നിധിയായിരുന്നു ഗില്‍.

എന്നാല്‍ നൈറ്റ് റൈഡേഴ്‌സ് തന്നെ ടീമിലെടുക്കാത്തതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഗില്‍ പറയുന്നത്.

ന്യൂസ് 24 സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നെ ടീമില്‍ നിലനിര്‍ത്താതിരുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഞാന്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഐ.പി.എല്‍ കളിച്ചു, ഞങ്ങള്‍ അവസാനം കിരീടം വരെ സ്വന്തമാക്കി,’ ഗില്‍ പറയുന്നു.

ടൈറ്റന്‍സിന് വേണ്ടി 16 മാച്ച് കളിച്ച ഗില്‍ 34.50 ശരാശരിയിലും 132.33 സ്‌ട്രൈക്ക് റേറ്റിലും 483 റണ്‍സാണ് സ്വന്തമാക്കിയത്. സീസണില്‍ നാല് തവണ അര്‍ധസെഞ്ച്വറി നേടിയ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 96 ആണ്.

Content Highlight: Shubman Gill says he is glad KKR didn’t retain for IPL 2022

We use cookies to give you the best possible experience. Learn more